‘ഷർട്ട് ഊരാൻ നായകനും സംവിധായകനും പറഞ്ഞു, അന്ന് വലിയ വേദനയും അപമാനവും ഉണ്ടാക്കി’; സൂരി
ഹാസ്യനടനായി സിനിമയിലെത്തി തമിഴിലെ മുൻനിര നായകനായി വളർന്ന നടൻ സൂരി, കരിയറിന്റെ തുടക്കകാലത്ത് നേരിട്ട കടുത്ത അപമാനത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ഗലാട്ട ചാനലിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം താരം പങ്കുവച്ചത്.
ഒരു മുൻനിര സൂപ്പർതാരവും പ്രശസ്ത ഹാസ്യനടനും അഭിനയിച്ച ചിത്രത്തിന്റെ സെറ്റിൽ തനിക്ക് നേരിട്ട അപമാനത്തെക്കുറിച്ചാണ് സൂരി വെളിപ്പെടുത്തിയത്. രംഗം ചിത്രീകരിച്ച ശേഷം മോണിറ്ററിൽ ദൃശ്യങ്ങൾ കണ്ട നായകനും സംവിധായകനും തമ്മിൽ സംസാരിക്കുകയും തുടർന്ന് തന്റെ ഷർട്ട് ഊരിമാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് താരം പറഞ്ഞു.
പുതുതായി എത്തിയ മറ്റൊരു നടനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കുന്നതിനായി തന്റെ ഷർട്ട് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. മറ്റൊരാൾക്കൊപ്പം രംഗം ചിത്രീകരിക്കുന്നതിനിടെ അരയിൽ തോർത്ത് മാത്രം ചുറ്റി വസ്ത്രങ്ങൾക്കായി സെറ്റിൽ നിൽക്കേണ്ടിവന്നെന്നും സൂരി പറഞ്ഞു. സംഭവം അന്ന് വലിയ വേദനയും അപമാനവും ഉണ്ടാക്കിയെന്നും താരം വ്യക്തമാക്കി.
എന്നാൽ ആ അനുഭവം തന്നെ കൂടുതൽ കരുത്തനാക്കിയെന്നും സൂരി പറഞ്ഞു. ആരുടെയും സഹായമോ ബന്ധങ്ങളോ ആശ്രയിക്കാതെ സ്വന്തം കഴിവിലൂടെ സിനിമയിൽ വിജയിക്കണമെന്ന തീരുമാനത്തിന് ഈ തിരിച്ചടി ശക്തി പകർന്നു. ചെന്നൈയിലെത്തിയ കാലത്ത് പട്ടിണിയും വേദനയും വഞ്ചനയും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ നേരിട്ടെന്നും ആദ്യ പ്രതിഫലമായി ലഭിച്ചത് 50 രൂപ മാത്രമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
‘ഡെമോക്രസി’യോ ആൾക്കൂട്ട വിചാരണയോ? ബിഗ് ബോസ് ഹൗസിലെ സംഭവങ്ങളിൽ വിമർശനവുമായി അഖിൽ മാരാർ
‘സൈബർ അറ്റാക്കിന് ശേഷം ആത്മഹത്യ ചെയ്യാൻ വരെ തോന്നി’; ബിഗ് ബോസ് വീട്ടിൽ അഞ്ജലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ