Tuesday, 15 September 2026
‘Honest storytelling is a powerful means of change
03:08:21 PM IST
Kerala

‘ഇ ഡിയുടേത് മികച്ച തിരക്കഥ, നമ്മളെ അങ്ങ് കരിവാരിത്തേച്ച് മോശമാക്കിക്കളയാം എന്ന് ആരെങ്കിലും ധരിച്ചാല്‍ അത് നടക്കില്ല’; മുഹമ്മദ് റിയാസ്

ന്യൂസ് ഡെസ്ക് 15 September 2026, 10:03 am
SHARE

ഇഡി കത്തിലെ വിശദാംശങ്ങളിൽ മറുപടിയുമായി സിപിഐഎം നേതാവും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. ബേപ്പൂരിലെ വികസന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പിനെ ഹവാല ഇടപാടുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണെന്ന് റിയാസ് ആരോപിച്ചു. ഭാവിയിൽ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പാണ് ‘റെഡ് ബുക്ക്’ എന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീണ വിജയൻ ഹവാല ഇടപാടിനെക്കുറിച്ച് കുറ്റസമ്മതം നടത്തിയെന്ന പ്രചാരണം തെറ്റാണെന്നും റിയാസ് വ്യക്തമാക്കി.

‘നമ്മൾ ബേപ്പൂർ’ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ചതാണെന്നും അതിൽ വിവിധ മേഖലകളിലുള്ളവരും മാധ്യമപ്രവർത്തകരുമുണ്ടെന്നും റിയാസ് പറഞ്ഞു. ഹവാല ഇടപാടിനായി രൂപീകരിച്ച ഗ്രൂപ്പാണെന്ന തരത്തിലാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. എന്നാൽ ഗ്രൂപ്പ് എന്തിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്ന് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഹവാല ഇടപാടുമായി തന്നെ ബന്ധിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു. അത് പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ പുതിയ കഥകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നും റിയാസ് ആരോപിച്ചു.

വീണ വിജയൻ ഹവാല പണമാണെന്ന് സമ്മതിച്ചെന്ന ആരോപണം ശുദ്ധ അസംബന്ധമാണെന്നും റിയാസ് പറഞ്ഞു. ഭാവിയിൽ ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കുറിപ്പാണ് ‘റെഡ് ബുക്ക്’ എന്ന പേരിൽ അവതരിപ്പിക്കുന്നത്. അതിൽ പരാമർശിച്ചിട്ടുള്ള പലരോടും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നുൾപ്പെടെ മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീണയെ മൂന്ന് തവണ ചോദ്യം ചെയ്തിട്ടും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും അതിനാൽ വീണ കുറ്റസമ്മതം നടത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്നും റിയാസ് വ്യക്തമാക്കി.

തന്നെ വ്യക്തിപരമായി മോശമാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും റിയാസ് ആരോപിച്ചു. പ്രധാനപ്പെട്ട തെളിവുകളാണെങ്കിൽ അവ പുറത്തുവിടാതെ ഇത്തരം വിശദാംശങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വിഷയം നിയമപരമായി തന്നെ നേരിടുമെന്നും ഒരു തരത്തിലും ഭയപ്പെടുന്നില്ലെന്നും റിയാസ് പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഇത് ഇഡിയുടെ സ്ഥിരം രീതിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രചാരണങ്ങളിലൂടെ ജനങ്ങൾക്കിടയിൽ തങ്ങളെ മോശമായി ചിത്രീകരിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും രാഷ്ട്രീയ നിലപാട് ശക്തമായി തന്നെ വ്യക്തമാക്കുമെന്നും റിയാസ് പറഞ്ഞു.

Read More

‘മൂക്ക് മുട്ടെ കഴിച്ചിട്ട് ഇരുന്നു ഉറങ്ങാതെ കൊച്ചു മുതലാളിച്ചിയെ പോയി ന്യായീകരിക്ക്, ഉണ്ട ബിരിയാണിയുടെയുടെയും കടിച്ചു പറിച്ച ചിക്കൻ കാലിന്റെയും നന്ദി കാണിക്ക്’; രാഹുൽ മാങ്കൂട്ടത്തിൽ

s
ന്യൂസ് ഡെസ്ക്
View all posts →