Friday, 11 September 2026
‘Honest storytelling is a powerful means of change
07:45:49 PM IST
Life

ആത്മാക്കൾ ഭൂമിയിലേക്ക് വരുന്ന ദിവസം! ഹാലോവീന്റെ രഹസ്യ ചരിത്രം

ന്യൂസ് ഡെസ്ക് 31 October 2025, 1:58 pm
SHARE

പാശ്ചാത്യ നാടുകളിൽ ഒക്ടോബർ 31 നു ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഹാലോവീൻ. ഭയാനകമായ അലങ്കാരങ്ങളും, വസ്ത്രങ്ങളും ആഘോഷങ്ങളും ഈ ദിവസത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഹാലോവീന്റെ ചരിത്രം, പ്രാധാന്യം എന്നിവയെ കുറിച്ച് നോക്കുകയാണെങ്കിൽ ഹാലോവീൻ ഒരുപോലെ പ്രിയപ്പെട്ടതും ഭയപ്പെടുത്തുന്നതുമായ ഒരു ഉത്സവമായി മാറിയിരിക്കുന്നു. അത് എങ്ങനെ ഉണ്ടായി എന്ന് നമുക്ക് നോക്കാം.

യുഎസ് അടക്കമുള്ള നിരവധി പാശ്ചാത്യ നാടുകളിൽ വിപുലമായി ആഘോഷിക്കുന്ന ഒന്നാണ് ഹാലോവീൻ. ഇന്ത്യയിലെ ജങ്ങൾക്കിടയിൽ അത്ര വിപുലമായ പ്രചാരം ഇല്ലങ്കിലും, ആഘോഷിക്കുന്ന ഇടങ്ങൾ ഉണ്ട്. പാശ്ചാത്യ നാടുകളിലെ ക്രിസ്തുമത വിശ്വാസികളാണ് ഹാലോവീൻ ആഘോഷിക്കുന്നത്. ഒക്ടോബർ 31 നാണ് ഹാലോവീൻ ആഘോഷിക്കുന്നത് എങ്കിലും ഇതിന്റെ ഒരുക്കങ്ങൾ ദിവസങ്ങൾക്ക് മുന്നേ ആളുകൾ തുടങ്ങി കഴിയും. ഈ നാളുകളില്‍ നിരവധി കോലങ്ങളും രൂപങ്ങളും അമേരിക്കയിലെ വീടുകളുടെ മുന്നിൽ എത്താറുണ്ട്. ആളുകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള അലങ്കാരങ്ങളും വസ്ത്രങ്ങളുമാണ് ഹാലോവീൻ ആഘോഷത്തിന്റെ പ്രത്യേകത. ട്രിക്ക് ഓർ ട്രീറ്റിംഗ്, പാർട്ടികൾ, മധുരപലഹാരങ്ങൾ കൈമാറ്റം ചെയ്തും ഈ പരിപാടി ആഘോഷിക്കാറുണ്ട്. ഹാലോവീൻ ആഘോഷത്തിലെ പ്രധാന ഹൈലൈറ്റ് വലിയതും ചെറിയതുമായ മത്തങ്ങയിൽ മനോഹരമായ കൊത്തുപണികൾ നടത്തുന്നതാണ്. പുരാതനമായ ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും മിശ്രിതം അതെ രീതിയിൽ ആഘോഷിക്കാൻ പറ്റുന്ന ഒരു സമയം കൂടിയാണ് ഈ ഹാലോവീൻ ആഘോഷം. പാശ്ചാത്യ നാടുകൾ എല്ലാ വർഷവും ഹാലോവീൻ ആഘോഷിക്കുന്നു.

ഹാലോവീൻ ആഘോഷങ്ങളിൽ നമ്മുടെ മത്തങ്ങക്കും വലിയൊരു പ്രാധാന്യമുണ്ട്. ഹാലോവീനു മത്തങ്ങ ഒഴിവാക്കാനാകാത്ത ഒന്നാണെന്നതിൽ തർക്കമില്ല. പ്രേതരൂപങ്ങൾ കൊത്തി ലൈറ്റിട്ട് ഈ ദിവസങ്ങളിലെല്ലാം വീട്ടു മുറ്റങ്ങളിൽ മത്തൻ അണിനിരക്കുന്നു. നമ്മുടെ സാധാരണ മത്തങ്ങയെക്കാൾ മഞ്ഞ നിറമുള്ള മത്തനാണ് ഹാലോവീൻ ആഘോഷത്തിനായി കൃഷി ചെയ്യുന്നത്. ചെറുതും വലുതുമെല്ലാം വിപണിയിൽ ലഭ്യമാണ്. ഹാലോവീൻ ആഘോഷത്തിന്റെ ഭാഗമായി എല്ലാ വർഷവും കുറഞ്ഞത് 3500 ഏക്കർ ഭൂമിയാണ് മത്തൻ കൃഷിക്കായി മാത്രം ഉപയോഗിക്കുന്നത്. ഒരു ഏക്കറിൽ നിന്നു 30000 പൗണ്ടു വരെ ലഭിക്കും.

ഇനി ഹാലോവീൻറെ ചരിത്രം നോക്കിയാൽ… ഹാലോവീന്റെ ഉത്ഭവം ആരംഭിക്കുന്നത് പുരാതന കെൽറ്റിക് ഉത്സവമായ സംഹൈനിൽ നിന്നാണ്. ഏകദേശം 2000 വർഷങ്ങൾക്ക് മുൻപ്, അയർലൻഡ്, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ താമസിച്ചിരുന്ന സെൽറ്റുകൾ അവരുടെ പുതുവർഷം ആഘോഷിച്ചിരുന്നത് നവംബർ 1 ആയിരുന്നു. കെൽറ്റിക്ക് സമൂഹം സാംഹൈൻ ആഘോഷിച്ചിരുന്നത് വേനൽ കാലത്തിന്റെയും, വിളവെടുപ്പ് കാലത്തിന്റെയും അവസാനമായിരുന്നു. കൂടാതെ ഈ ഉത്സവം തണുത്തതും ഇരുണ്ടതുമായ ശൈത്യകാല മാസങ്ങളെ സ്വാഗതം ചെയ്യുന്നു. ഇത് മനുഷ്യ മരണവുമായി പലപ്പോഴും ബന്ധപ്പെട്ട് കിടന്നിരുന്നു എന്ന് അവർ പലപ്പോഴും വിശ്വസിച്ചിരുന്നു.

പുതുവത്സരത്തിന്റെ തലേ ദിവസത്തെ രാത്രി, ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകങ്ങൾ തമ്മിൽ കൂട്ടിമുട്ടുകയും ആത്മാക്കൾ ഭൂമിയിലേക്ക് സഞ്ചരിക്കാൻ അനുവാദം നൽകുകയും ചെയ്യുന്നുവെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതുവർഷത്തിന് തലേ രാത്രി മരിച്ചവരുടെ ആത്മാക്കൾ ഭൂമിയിലേക്ക് മടങ്ങി വരുന്നുണ്ട് എന്ന് അവർ വിശ്വസിച്ചു സാംഹൈൻ ആഘോഷിച്ചു. അതുപോലെ പണ്ട് കാലങ്ങളിൽ പ്രേതങ്ങളെ അകറ്റാൻ വേണ്ടി വീടുകളിൽ ആളുകൾ തീ ഇടുകയും വസ്ത്രങ്ങൾ ധരിക്കുകയും കോലങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. ഇന്നും പാശ്ചാത്യ നാടുകളിൽ ഇതേപോലെ ആളുകൾ ഈ ദിവസം ആഘോഷിക്കാറുണ്ട്. 8-ാം നൂറ്റാണ്ടിൽ പോപ്പ് ഗ്രിഗറി മൂന്നാമൻ, നവംബർ 1 എല്ലാ വിശുദ്ധന്മാരെയും ബഹുമാനിക്കാനുള്ള ദിവസമായി നിശ്ചയിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, എല്ലാ വിശുദ്ധന്മാരുടെയും ദിനത്തോടൊപ്പം, സംഹൈനിന്റെ പാരമ്പര്യ പരിപാടികൾ കൂടെ ഉൾപ്പെടുത്തി. ഇതിന്റെ തലേ ദിവസം ഓൾ ഹാലോസ് ഈവ് എന്ന് അറിയപ്പെട്ടു. പിന്നീട് ഇത് ഹാലോവീൻ എന്ന് അറിയപ്പെട്ടു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →