കൈയിൽ ഒതുങ്ങുമെങ്കിലും ജീവനെടുത്തേക്കാം; മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ നിസ്സാരമാക്കരുത് ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

നിരവധി ഗുണങ്ങളും അതുപോലെ തന്നെ ദോഷവശങ്ങളുമുള്ള, ആധുനികലോകത്ത് ജീവിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയവയാണ് മൊബൈൽ ഫോണുകൾ. ഇന്നത്തെ കാലത്ത് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും എന്ത് കാര്യത്തിനും ഉപയോഗിക്കുന്ന ഒന്നായി മാറി കഴിഞ്ഞ മൊബൈൽ ഫോണുകളുടെ ഉപയോഗത്തെപ്പറ്റിയും ദൂഷ്യവശങ്ങളെപ്പറ്റിയുമൊക്കെ നിരന്തരം ലേഖനങ്ങളും മറ്റും എല്ലാവരും കാണാറുണ്ടെങ്കിലും പൊതുവെ ആരും അവ ശ്രദ്ധിക്കാറില്ല.

എന്നാൽ വാർത്തകളിലൂടെ നിരവധി തവണ നമ്മൾ കണ്ടുവരുന്ന ഒരു കാര്യമാണ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ. ഇത്തരം അപകടങ്ങൾ മുതിർന്നവർക്കെന്ന പോലെ കുട്ടികൾക്കും ഭീഷണിയാണ്. ഒരു വയസ് പ്രായമായ കുഞ്ഞുകൾക്ക് പോലും കരച്ചിൽ നിർത്താനായി ചില അമ്മമാർ മൊബൈൽ ഫോൺ നൽകുന്നത് പോലും ഇക്കാലത്ത് കണ്ടുവരുന്ന ഒരു മോശം പ്രവണതയാണ്.

മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചും ഫോണിന് തീപിടിക്കുകയുമൊക്കെ ചെയ്ത പല സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. ബാറ്ററി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ പ്രധാനകാരണമായി വിദഗ്ധർ പറയുന്നത് ഉപയോക്താക്കൾ മൊബൈൽ ഫോൺ കൂടുതലായി ഉപയോഗിക്കുന്നു എന്ന കാരണമാണ്. ഇതുകൂടാതെ പല കാരണങ്ങളും മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമാകാറുണ്ട്. അതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററിയുടെയും സ്മാര്‍ട്ട്‌ഫോണിന്റെയും ആരോഗ്യവും നിങ്ങളുടെ സുരക്ഷയും ഉറപ്പു വരുത്താൻ സാധിക്കും.

വീടുകളിലും മറ്റും സ്ഥിരമായി കണ്ടുവരുന്ന ഒരു കാര്യമാണ് ഫോൺ ചാർജ് കുത്തിയിട്ട ശേഷവും ഫോൺ ഉപയോഗിക്കുന്നത്. ദീർഘനേരം കോൾ ചെയ്യുന്നതും ബ്രൗസിംഗ് ചെയ്യുന്നതും ഗെയിമുകൾ കളിക്കുന്നതും എല്ലാം അപകടം ക്ഷണിച്ചു വരുത്തും. ചാര്‍ജിലായിരിക്കുമ്പോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് 20-80 നിയമം. ബാറ്ററി ചാർജ് 20 ശതമാനത്തിന് താഴെയോ 15 ശതമാനത്തിന് താഴെ പോകുമ്പോഴോ ചില ഫോണുകളിൽ ബാറ്ററി ഐക്കൺ ചുവപ്പു നിറമാകും. ഇത് ഒരു അപകടസൂചന ആയി വേണം കരുതാൻ. 20 ശതമാനത്തിന് താഴെ പോയാൽ ബാറ്ററി സെല്ലുകളുടെ ആരോഗ്യത്തിന് ബാധിക്കുമെന്നാണ് കണ്ടെത്തൽ. 20 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ് ബാറ്ററി ചാര്‍ജ് ഉള്ളതെങ്കിൽ ഫോണിന് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിനാൽ 20-80 നിയമം പാലിക്കണമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

മൊബൈൽ ഫോൺ എത്ര തവണ ചാർജ് ചെയ്യണം എന്നതും പൊതുവെ പലർക്കും സംശയമുള്ള കാര്യമാണ്. എത്ര തവണ വേണമെങ്കിലും ചാർജ് ചെയ്യാമെന്ന് ചില കമ്പനികൾ പറയുമ്പോൾ ചാര്‍ജ് ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കുന്നതാണ് ബാറ്ററിയുടെ ആയുസ്സിനു നല്ലതെന്നാണ് ചില ബാറ്ററി വിദഗ്ദ്ധരുടെ അഭിപ്രായം. എന്തായാലും ചാര്‍ജ് ചെയ്യുമ്പോള്‍ ഏകദേശം 80 ശതമാനം വരെയെങ്കിലും എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ചാർജിൽ വെച്ചശേഷം ഒരുപാട് സമയത്തേക്ക് ചാർജർ ഡിസ്കണക്ട് ചെയ്യാതെ വെയ്ക്കുന്നതും അപകടകരമാണ്.

ഈയിടെയായി സ്വന്തം കിടപ്പുമുറികളിൽ പലരും ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ബെഡിനടുത്ത് തന്നെ ഒരു സ്വിച്ച് ബോർഡ്. രാത്രികാലങ്ങളിൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കിൽ തൊട്ടടുത്ത് തന്നെ ഫോണ്‍ ചാർജിലിട്ട ശേഷം കിടന്നുറങ്ങുകയും ചെയ്യും. ഈ രീതി വളരെ അപകടകരമാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ചാർജിൽ ഇടുമ്പോഴും ഉപയോഗം കഴിഞ്ഞാലും കിടക്കുന്നതിന് അകലെയായിട്ടോ ഓഫാക്കിയിട്ടോ വേണം ഫോൺ എപ്പോഴും സൂക്ഷിക്കാൻ. കാരണം ഏത് സ്‍മാർട്ട് ഫോൺ ആയാലും അപകടമുണ്ടാവാൻ സാദ്ധ്യതയുണ്ട്. ചാർജിലിടുമ്പോൾ ബാറ്ററി ചൂടാവുകയോ, വീർത്തു പൊന്തുകയോ, ഫോൺ ചൂടായി സ്വിച്ച് ബോർഡിന് വരെ കേടുപാടുകൾ ഉണ്ടായേക്കാം. ചില സാഹചര്യങ്ങളിൽ ഇവ പൊട്ടിത്തെറിക്കുകയും ചെയ്തേക്കാം. ഇത് മാത്രമല്ല, മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ അമിതമായി ഏറ്റാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.

മൊബൈൽ ഫോൺ അസാധാരണമായ രീതിയിൽ ചൂടാകുന്നത് ബാറ്ററിയുടെ പ്രശ്നം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്‌നംകൊണ്ടോ ആകാം. അതിനാൽ ഫോൺ പതിവിലും അധികമായി ചൂടായാൽ ഉടൻതന്നെ പരിഹാരം തേടണം. ഫോണിന് ക്വിക്ക് ചാർജർ ഉപയോഗിക്കുന്നതിനുള്ള ഫീച്ചറുകൾ ഇല്ലെങ്കിൽ ക്വിക്ക് ചാർജറുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം, ബാറ്ററിക്കു താങ്ങാനാകുന്നതിലേറെ വോള്‍ട്ടേജ് പെട്ടെന്നു കയറുമ്പോൾ ബാറ്ററിയുടെ പ്രകടനത്തെ മൊത്തം ബാധിക്കാം.

മാത്രമല്ല, പെട്ടെന്നു തന്നെ ബാറ്ററിയുടെ ചാര്‍ജിങ് ശേഷി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഫോണുകളിൽ ഇടുന്ന കെയ്‌സുകളും അപകടം വിളിച്ചുവരുത്തുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ചാര്‍ജിങ് സമയത്ത് ബാറ്ററി ചൂടാകുമ്പോൾ ഈ ചൂട് പുറത്തുപോകാൻ ആവശ്യമായ പഴുതുകള്‍ ഫോണുകള്‍ക്ക് സാധാരണ ഉണ്ടാകും. എന്നാൽ പല കെയ്‌സ് നിർമാതാക്കളും ഇക്കാര്യം ശ്രദ്ധിക്കാറില്ല.

കുട്ടികളുടെ കൈവശം മൊബൈൽ ഫോൺ കൊടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. അപകടസാധ്യത കുറവാണെന്ന് നമ്മൾ കരുതുമെങ്കിലും ചില അപകടങ്ങൾ അപ്രതീക്ഷിതമായിരിക്കും. കുഞ്ഞുങ്ങളുടെ കയ്യിൽ ഫോൺ കൊടുക്കുമ്പോൾ ഫോണ്‍ ചൂടാകുന്നുണ്ടോ, ചാര്‍ജിലാണോ എന്ന കാര്യങ്ങളൊക്കെ നോക്കി ഉറപ്പുവരുത്തേണ്ടതാണ്. മൊബൈൽ സ്‌ക്രീനിൽ ദീർഘനേരം നോക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും എന്നതിനാൽ ഒരുപാട് സമയം ഉപയോഗിക്കാൻ കൊടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത് കുട്ടികൾ മാത്രമല്ല മുതിർന്നവരും ശ്രദ്ധിക്കേണ്ട കാര്യമാണ്.