ഉപയോക്താക്കള്‍ കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് ഫീച്ചര്‍ ഉടനെത്തും; പ്രഖ്യാപനവുമായി ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട്

ഉപയോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാട്ട്‌സ്ആപ്പ് പേമെന്റ് സംവിധാനം ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടപ്പാക്കുമെന്ന് ഗ്ലോബല്‍ ഹെഡ് വില്‍ കാത്കാര്‍ട്ട്. ന്യൂഡല്‍ഹിയില്‍ വാട്‌സാപ്പ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ അടുത്ത ലക്ഷ്യം ഇന്ത്യയില്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും എല്ലാം ഇന്ത്യയിലെ ബാങ്കുകളുമായി സഹകരിച്ച് യു.പി.ഐ അധിഷ്ടിതമായിട്ടായിരിക്കും സേവനമെന്നും അദ്ദേഹം പറഞ്ഞു.

ലളിതവും സുരക്ഷിതവുമായ മാര്‍ഗത്തിലൂടെ പണമിടപാട് നടത്തുക എന്ന് ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം ഒരു മില്യണ്‍ ഉപയോക്താക്കള്‍ വാട്‌സാപ്പ് പേമെന്റ് സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഉപയോഗിച്ചു വന്നിരുന്നു. ഈ സേവനത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ലക്ഷ്യങ്ങള്‍ക്കും പദ്ധതികള്‍ക്കും സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.

Image result for whatsapp-payment-will-launch-later-this-year

യു.പി.ഐ സംവിധാനം ഉപയോഗിച്ചുള്ള പേമെന്റ് ഫീച്ചറാണ് വാട്ട്‌സ്ആപ്പ് രാജ്യവ്യാപകമായി അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പേമെന്റ് സംവിധാനമായതിനാല്‍ അതിന്റേതായ സുരക്ഷാ മാനദണ്ഡങ്ങളും സംവിധാനങ്ങളും വാട്ട്‌സ്ആപ്പ് പേമെന്റ് ഫീച്ചറിനുണ്ടാകും. ഐടി മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പാലിക്കേണ്ടതിനാലാണ് വാട്‌സാപ്പ് പേമെന്റ് വൈകുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണമെന്ന ആവശ്യമാണ് ഇതില്‍ പ്രധാനം.