ട്രംപിന്റെ ഉത്തരവിന് മേല്‍ കമ്പനികളുടെ മൂന്നാം കണ്ണ്; വാവേയ്ക്ക് അമേരിക്കയില്‍ നിന്ന് തന്നെ സഹായം കിട്ടിത്തുടങ്ങി

ചൈനീസ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയതും തുടര്‍ന്ന് വാവേയ്ക്ക് നല്‍കി വന്നിരുന്ന ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍ പിന്തുണ ഗൂഗിള്‍ പിന്‍വലിച്ചതും  വാര്‍ത്തയായിരുന്നു. ഗൂഗിളിന് പിന്നാലെ മൈക്രോസോഫ്റ്റും ഫെയ്‌സ്ബുക്കും മറ്റ് ചില കമ്പനികളും വാവേയ് ഫോണുകളെ കൈവിട്ടിരുന്നു. എന്നാല്‍ ചില കമ്പനികള്‍ ഉത്തരവില്‍ എടുത്തു ചാടാതെ വാവേയ്ക്ക് ഒപ്പം തന്നെയാണ് നിന്നത്. വാവേയില്‍ നിന്ന് തങ്ങള്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്ന വമ്പന്‍ തുക തന്നെയാണ് ഉത്തരവിനെ വകവെയ്ക്കാതെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ അമേരിക്കന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.

ഈ പിന്താങ്ങല്‍ അധിക കാലം സാധ്യമല്ലാത്തതിനാല്‍ നിയമത്തിലെ പഴുതു തിരയുന്ന തിരക്കിലായിരുന്നു കമ്പനികള്‍. ഇപ്പോല്‍ അത്തരത്തിലൊരു പഴുത് അമേരിക്കന്‍ കമ്പനികള്‍ കണ്ടെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. അമേരിക്കന്‍ കമ്പനികള്‍ വിദേശത്തു നിര്‍മ്മിച്ച പ്രൊഡക്ടുകളെ അമേരിക്കന്‍ നിര്‍മ്മിതമെന്നു വിളിക്കാറില്ലെന്നാണ് അവര്‍ കണ്ടെത്തിയത്. ഇത് നിയമ പഴുത് പ്രയോജനപ്പെടുത്തി അമേരിക്കയിലെ പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റലും മൈക്രോണും വാവെയ്ക്ക് പ്രോസസറുകള്‍ നല്‍കി തുടങ്ങിയെന്നാണ് വിവരം.

വാവേയ് രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും അതുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ അവര്‍ക്ക് ടെക്‌നോളജി നല്‍കരുതെന്നുമായിരുന്നു അമേരിക്ക ഉത്തരവിറക്കിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഫോണ്‍ നിര്‍മ്മാതാവായ വാവേയ് അമേരിക്കന്‍ കമ്പനികള്‍ക്ക് പ്രതിവര്‍ഷം ടെക്‌നോളജി വാങ്ങാനായി നല്‍കിയിരുന്നത് 1100 കോടി ഡോളറായിരുന്നു.