ടിക് ടോക്കിനെ രക്ഷിക്കാന്‍ ഗൂഗിളിന്റെ അറ്റകൈ പ്രയോഗം; 80 ലക്ഷത്തിലേറെ നെഗറ്റീവ് കമന്റുകള്‍ മുക്കി

വെച്ചടി വെച്ചടി ഉയര്‍ച്ച മാത്രം മുന്നില്‍ കണ്ട് ഉയര്‍ന്നു വന്ന ടിക് ടോക്കിന് കഴിഞ്ഞ കുറേ ആഴ്ചകളായി ഞെട്ടിക്കുന്ന തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. യുട്യൂബ് ആരാധകരും ടിക് ടോക് ആരാധകരും തമ്മില്‍ നടക്കുന്ന പോര്‍വിളികളുടെ ഫലമായി ടിക് ടോക്കിന്റെ പ്ലേ സ്റ്റോര്‍ റാങ്കിംഗ് 4 സ്റ്റാറുകളില്‍ നിന്ന് 2 സ്റ്റാറായി കുറഞ്ഞു. തൊട്ടടുത്ത ദിവസം ഇത് 1.2 സ്റ്റാറുകളായും താഴോട്ടു പോയി ടിക് ടോക് റാങ്കിംഗ് എക്കാലത്തേയും താഴ്ന്ന നിലയിലായി. ഈ സാഹചര്യത്തില്‍ ടിക് ടോകിന് ഒരു കൈ സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍.

ആപ്പിനെതിരെ പോസ്റ്റ് ചെയ്ത 80 ലക്ഷത്തിലധികം റിവ്യൂ, ഉപയോക്തൃ അവലോകനങ്ങള്‍ ഗൂഗിള്‍ നീക്കം ചെയ്തു. ഇതിന്റെ ഫലമായി ടിക് ടോക് ആപ്ലിക്കേഷന് ഒരു മെച്ചപ്പെട്ട തിരിച്ചുവരവ് സാധിച്ചിട്ടുണ്ട്. നിലവില്‍ 4.4 ആണ് ടിക് ടോക്കിന്റെ റേറ്റിംഗ്. നിലവില്‍ പ്ലേ സ്റ്റോറില്‍ 20 ദശലക്ഷം റിവ്യുകളാണ് ടിക് ടോകിനുള്ളത്. ഏറ്റവും കുറഞ്ഞ 1.2 റേറ്റിംഗിലെത്തിയപ്പോള്‍ ടിക് ടോകിന് 28 ദശലക്ഷം റിവ്യുകളുണ്ടായിരുന്നു. അതായത് കുറഞ്ഞത് എണ്‍പത് ലക്ഷത്തിലേറെ റിവ്യുകള്‍ അപ്രത്യക്ഷമായി.

ടിക് ടോക് റേറ്റിംഗില്‍ ദിവസങ്ങള്‍ക്കിടെ വന്ന മാറ്റം

യുട്യൂബ്, ടിക് ടോക് ഉപയോക്താക്കള്‍ തമ്മിലുള്ള നിരന്തരമായ വൈരാഗ്യത്തിന്റെ ഭാഗമായി കാരിമിനാറ്റി എന്ന യുട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് നിലവിലെ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇത് വിവാദമായതിനെ തുടര്‍ന്ന് വീഡിയോ യുട്യൂബ് നീക്കം ചെയ്തിരുന്നു. യുട്യൂബിന്റെ സേവന നിബന്ധനകള്‍ ലംഘിച്ചതിനാണ് അദ്ദേഹത്തിന്റെ വീഡിയോ നീക്കം ചെയ്തത്.