കണ്ണടച്ചാലും ചൈനക്കാര്‍ക്ക് കാണാന്‍ സാധിക്കും; ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സ് വികസിപ്പിച്ച് ചൈനീസ് യൂണിവേഴ്‌സിറ്റി

കണ്ണടച്ചാലും കാണാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയുമായി ചൈന. ഇരുട്ടിലും കാഴ്ച സാധ്യമാക്കുന്ന ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വികസിപ്പിച്ചതോടെയാണ് കണ്ണടച്ചാലും കാണാന്‍ സാധിക്കുമെന്ന അവകാശവാദവുമായി ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ രംഗത്തെത്തിയത്.

ഏറെക്കാലമായി നിരന്തര പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയതെന്നും സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു. പുതുതായി വികസിപ്പിച്ചെടുത്ത കോണ്‍ടാക്ട് ലെന്‍സിന് ഊര്‍ജസ്രോതസ് ആവശ്യമില്ലെന്നതാണ് പ്രത്യേകത. ലെന്‍സിലെ നാനോപാര്‍ട്ടിക്കിളുകള്‍ ഇന്‍ഫ്രാറെഡ് ലൈറ്റ് ആഗിരണം ചെയ്യുകയും അത് സസ്തനികളുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്ന തരംഗദൈര്‍ഘ്യങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.

മനുഷ്യരില്‍ നടത്തിയ പരീക്ഷണം വിജയകരമായിരുന്നതായും ഗവേഷകര്‍ അറിയിച്ചു. പരീക്ഷണത്തില്‍ ഇന്‍ഫ്രാറെഡ് പ്രകാശം മനസിലാക്കാനും അതിന്റെ ദിശ തിരിച്ചറിയാനും സാധിച്ചു. കണ്ണടച്ചതോടെ ഇന്‍ഫ്രാറെഡ് കാഴ്ച വര്‍ധിച്ചതായും ഗവേഷകര്‍ അവകാശപ്പെടുന്നു.
ദൃശ്യപ്രകാശത്തേക്കാള്‍ ഫലപ്രദമായി നിയര്‍-ഇന്‍ഫ്രാറെഡ് ലൈറ്റ് കണ്‍പോളകളിലൂടെ കടന്നുപോകുന്നതാണ് ഇതിന് കാരണമായി പറയുന്നത്.

പരീക്ഷണം ഫലപ്രാപ്തി കണ്ടതോടെ വലിയ പ്രതീക്ഷകളാണുള്ളത്. വിവിധ മേഖലകളില്‍ ഇതിന് ഉപയോഗങ്ങളുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ലെന്‍സ് സഹാകരമാകും. സമാനമായി സാഹസിക യാത്രകള്‍ക്കും പ്രതികൂല കാലാവസ്ഥയിലും ഇന്‍ഫ്രാറെഡ് ലെന്‍സ് കാഴ്ച നല്‍കുമെന്നാണ് വിലയിരുത്തല്‍.

സൂപ്പര്‍ വിഷന്‍ എന്ന ആശയത്തിലേക്ക് സാധ്യത തുറക്കുന്നതാണ് ഇന്‍ഫ്രാറെഡ് കോണ്‍ടാക്ട് ലെന്‍സിന്റെ കണ്ടുപിടുത്തം. ആളുകള്‍ക്ക് നിത്യജീവിതത്തില്‍ ഏറെ ഉപയോഗപ്രദമാകുന്ന തരത്തിലേക്ക് സൂപ്പര്‍ വിഷന്‍ സാധ്യമാക്കുകയാണ് ഗവേഷണത്തിന്റെ ലക്ഷ്യമെന്നും ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ന്യൂറോസയന്റിസ്റ്റ് ടിയാന്‍ സ്യൂ പറഞ്ഞു.