5 ജിയില്‍ കുതിച്ചു പാഞ്ഞ് ഖത്തര്‍; ലോകം മുഴുവന്‍ സാങ്കേതികവിദ്യ ഉടന്‍ വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്

5 ജി സാങ്കേതിക വിദ്യയില്‍ കുതിച്ചു പായുകയാണ് ഖത്തര്‍. ലോകത്ത് ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്കു ലഭ്യമാക്കിയ ഖത്തറിന് സെക്കന്‍ഡില്‍ 10 ജിബി ഡൗണ്‍ലോഡ്-അപ് ലോഡ് സ്പീഡ് എന്ന നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആര്‍തര്‍ ഡി ലിറ്റിലിയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ ഈ സാങ്കേതികവിദ്യ  ലോകം മുഴുവന്‍ ഉടന്‍ വ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളും വന്നു തുടങ്ങിയിട്ടുണ്ട്.

ഖത്തറില്‍ 5 ജി സേവനം രാജ്യത്തെ പൊതുമേഖലാ മൊബൈല്‍ സേവനദാതാക്കളായ ഉറീഡുവാണ് നല്‍കുന്നത്. നിലവില്‍ ഇത് വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോക്താക്കളില്‍ എത്തിച്ചിട്ടില്ല. പകരം പരീക്ഷ അടിസ്ഥാനത്തിലാണ് നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ 5 ജി സിമ്മുകള്‍ ഉറീഡു നല്‍കും. ഇതിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് കമ്പനിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

5 ജി സ്പെക്ട്രം ഖത്തര്‍ മുഴുവന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി ഉറീഡു പൂര്‍ത്തീകരിച്ചതായി കമ്പനിയുടെ ഖത്തര്‍ സിഇഒ വലീദ് അല്‍ സയീദ് അറിയിച്ചു. നിലവില്‍ രാജ്യത്തെ 25% സ്ഥാപനങ്ങള്‍ 5 ജി സേവന പരിധിയിലാണ്. ഈ വര്‍ഷത്തോടെ 50 ശതമാനം സ്ഥാപനങ്ങളും ജനങ്ങളും ഇതിന്റെ പരിധിയിലെത്തും. 2016 ലാണ് രാജ്യത്ത് 5 ജി സേവനം യഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്.

5 ജി സേവനം ലഭ്യമാക്കുന്നതിന് സിമ്മും ഈ സാങ്കേതികവിദ്യ അധിഷ്ഠിതമായ ഹാന്‍ഡ്‌സെറ്റുകളും വേണം. ഇതും കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുമെന്ന് ഉറീഡു അറിയിച്ചിട്ടുണ്ട്.