ആരോഗ്യമുള്ള ഒരു മനുഷ്യന് എത്ര വർഷം ജീവിക്കാനാകും? വലിയ രീതിയിലുള്ള അസുഖങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇല്ലെങ്കിൽ തന്നെയും ഒരു പ്രായത്തിനപ്പുറത്തേക്ക് ആർക്കും ജീവിക്കാൻ കഴിയില്ല. എന്നാൽ ആഗോളതലത്തിൽ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 70 വർഷവും സ്ത്രീകളുടേത് ഏകദേശം 75 വയസ്സും എന്ന് പൊതുവെ കണക്കാക്കുന്ന ഈ കാലഘട്ടിൽ മനുഷ്യർക്ക് 150 വർഷം വരെ ജീവിക്കാൻ കഴിയുമെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ചൈനയിലെ ഷെൻഷെൻ ആസ്ഥാനമായുള്ള ലോൺവി ബയോസയൻസസ് എന്ന ബയോടെക്നോളജി സ്ഥാപനം.
സോംബി കോശങ്ങളെ ലക്ഷ്യം വച്ചുള്ളതും മനുഷ്യന്റെ ആയുസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നതുമായ ആന്റി-ഏജിംഗ് ഗുളിക തങ്ങൾ വികസിപ്പിച്ചെടുത്തതായാണ് ഈ കമ്പനി പറയുന്നത്. വാർദ്ധക്യത്തെ മന്ദഗതിയിലാക്കുകയാണ് ഈ ഗുളിക കഴിക്കുന്നതിലൂടെ സംഭവിക്കുക. ഈ സംഭവം ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വാർദ്ധക്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കോശങ്ങളാണ് ‘സോംബി കോശങ്ങൾ’ അഥവാ ‘വാർദ്ധക്യ കോശങ്ങൾ’. വിഭജനം നിർത്തുകയും എന്നാൽ ശരീരത്തിൽ വിട്ടുമാറാത്ത വീക്കം ഉണ്ടാക്കുകയും ചെയ്യുന്ന കോശങ്ങളാണിവ. എല്ലാ ശാരീരിക ക്ഷയങ്ങൾക്കും ഈ കോശങ്ങൾ കാരണമാകുന്നതായും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ഈ കോശങ്ങളെ ലക്ഷ്യമിട്ടാണ് ലോൺവി ബയോസയൻസസ് വികസിപ്പിച്ചെടുത്ത ആന്റി ഏജിങ് മരുന്ന് പ്രവർത്തിക്കുക. മുന്തിരി വിത്തിൽ നിന്ന് വേർതിരിച്ചെടുത്ത പ്രോസയാനിഡിൻ (procyanidin C1-PCC1) എന്ന തന്മാത്രയാണ് ഗുളികയിലെ പ്രധാന ഘടകം. ഈ കോശങ്ങളെ നിർവീര്യമാക്കുകയും അതുവഴി വാർദ്ധക്യത്തിന്റെ വേഗത കുറച്ച് ആയുസ്സ് വർദ്ധിപ്പിക്കുകയുമാണ് ഗുളിക ലക്ഷ്യമിടുന്നത്.
ലോൺവി ബയോസയൻസസിന്റെ ലാബുകളിൽ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ ശ്രദ്ധേയമായ ഫലങ്ങളാണ് നൽകിയത്. ഫോർമുലേഷൻ നൽകിയ എലികളിൽ മൊത്തത്തിലുള്ള ആയുസ്സിൽ 9. 4% വർദ്ധനവ് രേഖപ്പെടുത്തി. ചികിത്സയുടെ ആദ്യ ദിവസം മുതൽ എലികളുടെ ശേഷിക്കുന്ന ആയുസ്സ് 64% ൽ കൂടുതൽ വർദ്ധിച്ചു എന്ന് ചുരുക്കം. അതേസമയം,എലികളിൽ നടത്തിയ പഠനങ്ങൾ പ്രാഥമിക തലത്തിൽ മാത്രമുള്ളതാണ്. ഗുളികയുടെ സുരക്ഷയെക്കുറിച്ചും മനുഷ്യരിൽ ഇവ എങ്ങനെ പ്രവർത്തിക്കുമെന്നും ഇനിയും പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട് എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
ഈ ഡാറ്റ, കോശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകൾ ആയുസ്സ് ഗണ്യമായി വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സ്ഥാപനം വധിക്കുന്നത്. ‘150 വയസ്സ് വരെ ജീവിക്കുക എന്നത് തീർച്ചയായും യാഥാർത്ഥ്യമാണ്, എന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് യാഥാർത്ഥ്യമാകും എന്നും ലോൺവിയുടെ ചീഫ് ടെക്നോളജി ഓഫീസർ ലിയു ക്വിൻഹുവ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി, വൈദ്യ പരിചരണം എന്നിവയ്‌ക്കൊപ്പം 100-120 വർഷം വരെ ആളുകളെ ജീവിക്കാൻ ഈ ഗുളികകൾ സഹായിക്കുമെന്നാണ് സ്റ്റാർട്ടപ്പ് പറയുന്നത്. എന്തായാലും ലോകമെമ്പാടുമുള്ള ശാസ്ത്ര സമൂഹത്തിലും പൊതുജനങ്ങളിലും ആന്റി ഏജിങ് ഗുളികയിലെ കൗതുകവും സംശയവും ഒരുപോലെ ഉണർത്തിയിരിക്കുകയാണ്.
അതേസമയം, ചൈനയുടെ ശരാശരി ആയുർദൈർഘ്യം 2024-ൽ 79 വർഷത്തിൽ എത്തിയിരുന്നു. ആഗോള ശരാശരിയേക്കാൾ ഏകദേശം 5 വർഷം കൂടുതലാണ് ഇത്. ‘നേരത്തെ, കൂടുതൽ കാലം ജീവിക്കുന്നതിനെക്കുറിച്ച് ചൈനയിൽ ആരും സംസാരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ നിരവധി ചൈനക്കാർ ദീർഘായുസ്സിൽ നിക്ഷേപം നടത്തുന്നു’ എന്നാണ് ഷാങ്ഹായ് ആസ്ഥാനമായുള്ള ലോങ്‌അപ്പ് സ്റ്റാർട്ടപ്പ് ആയ ടൈം പൈയുടെ സഹസ്ഥാപകനായ ഗാൻ യു പറയുന്നത്. വർദ്ധിച്ചുവരുന്ന പൊതുജന താൽപ്പര്യവും നയപരമായ ശ്രദ്ധയും സ്വകാര്യനിക്ഷേപവും കാരണം കണക്ക് ഇനിയും ഉയരുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.







