അന്ന് ജിബ്ലി, ഇന്ന് 'നാനോ ബനാന'; ഇന്റർനെറ്റ് കീഴടക്കുന്ന എഐ ട്രെൻഡുകൾ..

ദിവസങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയയിൽ ഓരോ ട്രെൻഡുകളും മാറി മാറി വരുന്നത്. അതും എഐ കൂടി എത്തിയതോടെ ട്രെൻഡുകളുടെ രീതിയും മാറി. മാറി വരുന്ന ട്രെൻഡുകൾ ഏറ്റെടുക്കാൻ നെറ്റിസൺസിന് പൊതുവേ വലിയ ആവേശമാണ് എന്ന കാര്യം പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ചാറ്റ് ജിപിടിയുടെ സഹായത്തോടെ സൃഷ്ടിച്ച ‘ജിബ്ലി’ ചിത്രങ്ങൾ ലോകമെമ്പാടുമുള്ളവർ ഏറ്റെടുത്തത്. ഇപ്പോഴിതാ ഗൂഗിളിന്റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനിയിലൂടെ ‘നാനോ ബനാന’ ട്രെൻഡാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഏറ്റവും പുതിയ എഐ ട്രെൻഡ് ആയി മാറിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, ടിക് ടോക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എങ്ങും നാനോ ബനാന ട്രെൻഡിന്റെ ഒഴുക്കാണ്. കാർട്ടൂൺ രൂപത്തിലുള്ള വളരെ ചെറിയ തിളക്കമുള്ള 3D ഫിഗറൈനുകൾ ആണ് ഈ ട്രെൻഡ് വഴി നമുക്ക് ലഭിക്കുക. ഒരൊറ്റ ഫോട്ടോയും ചിത്രം കിട്ടാനുള്ള ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് ഹൈപ്പർ-റിയലിസ്റ്റിക് 3D രൂപങ്ങൾ നിർമ്മിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

ഉപയോ​ഗിക്കാനുള്ള എളുപ്പം, മികച്ച ഫലം, സാങ്കേതിക പരിജ്ഞാനമോ പണമോ ആവശ്യമില്ല എന്നീ കാരണങ്ങളാൽ ട്രെൻഡ് അതിവേഗമാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത്. സ്വന്തം ചിത്രങ്ങൾ കൂടാതെ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, വളർത്തുമൃഗങ്ങൾ തുടങ്ങി എന്തിന്റെ ചിത്രങ്ങളും ഈ രൂപത്തിൽ നിർമിക്കാൻ സാധിക്കും. ചെറുതും ജീവസ്സുറ്റതുമായ രൂപങ്ങളുടെ ആരാധകരായി മാറിയിരിക്കുകയാണ് ഏവരും ഇപ്പോൾ.

ഗൂഗിളിന്റെ എഐ മോഡലായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ച് ചിത്രങ്ങളെ ജീവനുള്ളതുപോലുള്ള 3D ഫിഗറൈനുകളാക്കി മാറ്റുന്ന പ്രക്രിയയെയാണ് നാനോ ബനാന ട്രെൻഡ് എന്ന് പറയുന്നത്. 2025 സെപ്റ്റംബർ 6 വരെയുള്ള കണക്കനുസരിച്ച് ഏകദേശം 200 ദശലക്ഷത്തിലധികം ചിത്രങ്ങളാണ് ഇതിനകം എഡിറ്റ് ചെയ്യപ്പെടുകയും പലതും 3D ഫിഗറൈനുകളായി മാറുകയും ചെയ്തത്. ഫീച്ചർ ആരംഭിച്ചതിന് തൊട്ടുപിന്നാലെ 10 ദശലക്ഷത്തിലധികം ഉപയോക്താക്കൾ ജെമിനി ആപ്പ് ഡൗൺലോഡ് ചെയ്‌തുവെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, എല്ലാ വൈറൽ ട്രെൻഡുകളെയും പോലെ ഇതിന്റെ പോരായ്മകളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവരും ഒരേ കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ, പുതുമ മങ്ങും എന്നാണ് ഒരു കൂട്ടം ആളുകൾ പറയുന്നത്. അപ്‌ലോഡ് ചെയ്‌തുകഴിഞ്ഞാൽ ചിത്രങ്ങൾക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചും ചിലർക്ക് ആശങ്കകളുണ്ട്.

എഐ ജനറേറ്റഡ് ചിത്രങ്ങൾ വൈറലാകുന്നത് ഇത് ആദ്യമായിട്ടല്ല. 2025-ന്റെ തുടക്കത്തിൽ ഗിബ്ലി ട്രെൻഡ് (‘ഗിബ്ലിഫൈഡ്’ ഇമേജുകൾ എന്നും അറിയപ്പെടുന്നു) ആയിരുന്നു ഏറെ ശ്രദ്ധ നേടിയത്. അതിൽ ഫോട്ടോകളെ ഗിബ്ലി ചിത്രങ്ങളാക്കി മാറ്റുകയാണ് ചെയ്തത്.

നാടോടുമ്പോൾ നടുവേ ഓടണം എന്ന് പറയാറില്ലേ അതിപ്പോ വസ്ത്രത്തിൽ ആയാലും ജീവിത രീതിയിൽ ആണെങ്കിലും ഏത് കാര്യത്തിൽ ആണെങ്കിലും അത് അങ്ങനെ തന്നെയാണ്. അതിനോടൊപ്പം ചേരുകയാണ് എഐയുമായി ബന്ധപ്പെട്ടുള്ള ഓരോ ട്രെൻഡുകളും.

Read more