വെറും സ്‌റ്റൈല്‍ സ്റ്റേറ്റ്മെന്റ് മാത്രമല്ല മിഞ്ചി

കാല്‍വിരലുകളില്‍ മിഞ്ചിയണിയുന്നതു ഒരിടക്കാലം വരെ മലയാളി സ്ത്രീകള്‍ക്കിടയില്‍ അത്ര പ്രചാരമുണ്ടയിരുന്ന കാര്യമല്ല. പക്ഷെ ന്യൂജന്‍കുട്ടികളില്‍ പലരും ഇതിലൊരു സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിനുള്ള സാധ്യത കണ്ടെത്തിയെന്ന് തോന്നുന്നു. ഭംഗിയായി വെട്ടിയൊതുക്കി നെയില്‍പോളിഷിട്ട നഖങ്ങളുള്ള വിരലുകള്‍ക്കിടയില്‍ തിളങ്ങുന്ന നേര്‍ത്ത ഒരു ലോഹവലയം കൂടിയുണ്ടെങ്കില്‍ കാലുകളുടെ സൗന്ദര്യത്തിന്റെ മാറ്റുകൂടുന്നെങ്കില്‍ ആയിക്കോട്ടെ എന്ന മട്ടാണ്.

മലയാളിക്കത്ര പഥ്യമല്ലെങ്കിലും ഇന്ത്യയിലെ മറ്റെല്ലാ ദേശങ്ങളിലും ആഭരണങ്ങളുടെ കൂട്ടത്തില്‍ മിഞ്ചി ഒഴിവാക്കാനാവാത്ത ഒന്നാണ്. വിവാഹിതരായ സ്ത്രീകള്‍ മിഞ്ചിയണിയേണ്ടത് ചില ദേശങ്ങളിലെങ്കിലും ഒരു നിര്‍ബന്ധവുമാണ്.

സ്വര്‍ണമിഞ്ചി ചിലരൊക്കെ അണിയാറുണ്ടെങ്കിലും, വെള്ളിയില്‍ തീര്‍ത്തതിനാണ് കൂടുതല്‍ പ്രചാരം. മാത്രമല്ല സ്വര്‍ണ്ണം കാലുകളില്‍ അണിയുന്നത് ചില പ്രദേശങ്ങളിലെങ്കിലും ഇന്നും വിലക്കപ്പെട്ട ഒരു കാര്യവുമാണ്. മുന്‍കാലങ്ങളില്‍ വളരെയധികം ഡിസൈനുകളിലുള്ള മിഞ്ചികളൊക്കെ സ്ത്രീകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍, ഇന്ന് മോഡേണ്‍ സ്ത്രീക്കിള്‍ക്കിടങ്ങുന്ന ലൈറ്റ് വെയ്റ്റ് ആന്‍ഡ് സിംപിള്‍ ഡിസൈന്‍ മോഡലുകള്‍ക്കാണ് ആവശ്യക്കാരുള്ളത്.

മിഞ്ചിയണിയലിനു സൗന്ദര്യത്തിനുമപ്പുറം മറ്റുചില വശങ്ങള്‍ക്കൂടെയുണ്ടെന്നു കണക്കാക്കപ്പെടുന്നു.
സ്ത്രീകള്‍ തള്ളവിരലിനു ശേഷമുള്ള വിരലുകളില്‍ മിഞ്ചിയണിയുന്നത് ലൈംഗികശേഷിയെ അനുകൂലമായി സ്വാധീനിക്കും എന്നതാണ് അതിലൊന്ന്.

സ്ത്രീകളുടെ ആര്‍ത്തവ ചക്രവുമായി ബന്ധപ്പെട്ടുള്ള പലപ്രശ്നങ്ങള്‍ക്കും ഇതു പരിഹാരമാണത്രെ. ആര്‍ത്തവചക്രം ക്രമമല്ലാത്തവര്‍ക്കു മിഞ്ചി ധരിച്ചു നിത്യജോലിയില്‍ ഏര്‍പ്പെടുകയെന്നത് ചികിത്സാരീതിയുടെ ഭാഗമാണെന്ന് ചിലയിടങ്ങളില്‍ പറയാറുണ്ട്.

സ്ത്രീകള്‍ മിഞ്ചിയണിഞ്ഞു നിത്യജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രധാനപ്പെട്ട ചില ഞരമ്പുകള്‍ക്കു ഉത്തേജനം ലഭിക്കുന്നതിനാലാണിത്. ഇത് പ്രത്യുല്‍പ്പാദന അവയവങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്.
കൂടാതെ, പോസിറ്റീവായ ഒരു ഊര്‍ജം ദേഹമാസകലം പ്രസരിക്കുന്നതിനും മിഞ്ചി ധരിക്കുന്നതു സഹായകമാവുമെന്നു വിശ്വസിക്കപ്പെടുന്നുണ്ട്.

ചിലയിടങ്ങളില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും കാല്‍വിരലുകളില്‍ ലോഹങ്ങള്‍ അണിയാറുണ്ട്. പല ട്രൈബല്‍ സംസ്‌കാരങ്ങളിലും ഇത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അസുഖങ്ങള്‍ വരാതിരിക്കാനും കായിക ശക്തിനേടാനും ഉപകരിക്കുന്നതാണ് പുരുഷന്മാര്‍ തള്ളവിരലുകളില്‍ ലോഹമണിയുന്നതുമായി ബന്ധപെട്ടു നിലനില്‍ക്കുന്ന ഒരു വിശ്വാസം.

പക്ഷെ ഇക്കഥകളൊന്നുമല്ല ഇന്നത്തെ പെണ്‍കുട്ടിയെ കാല്‍നഖങ്ങളില്‍ തിളങ്ങുന്ന സ്റ്റൈലന്‍ മിഞ്ചിയിടാന്‍ പ്രേരിപ്പിക്കുന്നത്. നാലാളുകൂടുന്നേടത്തു ഒന്ന് ചെത്താമെന്നത് തന്നെയാണത്. അങ്ങനെയാണെങ്കിലും മിഞ്ചി അണിഞ്ഞാല്‍ പലതുണ്ടുകാര്യം എന്നാണെങ്കിലോ!