അച്ഛനില്ലാത്ത 251 പേരുടെ കല്യാണം നടത്തി വജ്രവ്യാപാരി

മഹേഷ് സവാനി നിങ്ങള്‍ മഹാനാണ്, സൂറത്ത് എന്ന നഗരത്തിന് ഇപ്പോള്‍ പറയുവാന്‍ ഈ ഒരു വാചകം മാത്രമേയുള്ളൂ. അതെ മഹേഷ് സവാനി എന്ന സമ്പന്നന്‍ വ്യത്യസ്തനാകുന്നത് കയ്യിലെ പണത്തിന്റെ വലുപ്പം കൊണ്ടല്ല, മറിച്ച് മനസിന്റെ വലുപ്പം കൊണ്ടാണ്. അച്ഛനില്ലാത്ത 251 പെണ്‍കുട്ടികളുടെ വിവാഹമാണ് ഈ വജ്രവ്യാപാരി ഞായറാഴ്ച നടത്തിയത്.

നാട്ടു നടപ്പനുസരിച്ചുള്ള വിവാഹ വസ്ത്ര ധരിച്ച 251 ജോഡി വധൂ വരന്മാരെക്കൊണ്ട് സൂറത്ത് നിറഞ്ഞിരുന്നു. മതമൈത്രിയുടെ സമ്മേളനം കൂടിയായിരുന്നു ഈ സമൂഹ വിവാഹം. ഹിന്ദു, മുസ്ലിം , ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട ആളുകള്‍ വിവാഹിതരില്‍ ഉള്‍പ്പെട്ടിരുന്നു.എച്ച്‌ഐവി ബാധിതരായ രണ്ടു സ്ത്രീകളും ചടങ്ങില്‍ വിവാഹിതരായി എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

ഇന്ത്യയില്‍ വിവാഹമെന്നത് വളരെ ചെലവേറിയ ഒരു കാര്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ വീട്ടിലും പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നതിനായി അച്ഛന്മാര്‍ കഷ്ടപ്പെടുകയാണ്. അപ്പോള്‍ അച്ഛന്മാരില്ലാത്തവരുടെ കാര്യം പറയണോ, അതിനാല്‍ വിവാഹം നടത്താന്‍ കഴിവില്ലാത്തവര്‍ സഹായിക്കുക എന്നത് ഒരു സംമൂഹിക ഉത്തരവാദിത്വം ആയി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് , മഹേഷ് സവാനി പറഞ്ഞു.

2012 മുതല്‍ എല്ലാവര്‍ഷവും ഇത്തരത്തില്‍ കന്യാദാനം നടത്തുണ്ട് അദ്ദേഹം. ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ ഈ കല്യാണ മഹാമഹത്തില്‍ പങ്കു ചേരുന്നു.സമൂഹവിവാഹം ആണെന്ന് കരുതി , മോഡിയിലും ഒരുക്കത്തിലും യാതൊരു കുറവും വിവാഹത്തിന് വരുത്തിയിരുന്നില്ല. ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി തന്നെയാണ് വിവാഹ മഹാമഹത്തെ മഹേഷ് സവാനി കാണുന്നത്.