പറയാനും കേള്‍ക്കാനും സുന്ദരമായ സങ്കല്പവും ആശയവുമാണ് ജനാധിപത്യം. ഒരു വിവേചനവുമില്ലാതെ ഓരോരുത്തര്‍ക്കും അവരവരുടെ ആത്മാവിഷ്കാരങ്ങള്‍ സാധ്യമാക്കലാണ് ജനാധിപത്യത്തിന്റെ താല്പര്യം. സ്വപ്നതുല്യമായ സിദ്ധാന്തമെന്നതിനപ്പുറം അനുഭവതലത്തിലേക്ക് ജനാധിപത്യം എത്തുമ്പോള്‍ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഭാവിജനാധിപത്യം എന്ന പ്രയോഗം തന്നെ നരവംശശാസ്ത്രജ്ഞര്‍ പ്രയോഗിക്കുന്നുണ്ട്. അതായത് സ്വപ്നതുല്യമായ ജനാധിപത്യം ഒരിക്കലും വരില്ല. അത് വരുമെന്ന പ്രതീക്ഷ വാഗ്ദാനമായി എന്നും നിലനില്ക്കും. എന്നും ഭാവിജനാധിപത്യമായി അത് തുടരും. നമ്മുടെ രാജ്യത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അതിന് നല്ല ഉദാഹരണമാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായി അറിയപ്പെടുന്നത് നമ്മുടെ നാട്ടിലാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളും സ്ഥാപനങ്ങളും വഴിതന്നെ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ജനാധിപത്യത്തിന് സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായ തലങ്ങള്‍ ഉണ്ടെന്ന് രാജ്യത്ത് ഭരണഘടനാ രൂപീകരണ ചര്‍ച്ചകള്‍ മുതല്‍ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ജനാധിപത്യങ്ങള്‍ നടപ്പാക്കാന്‍ കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. രാഷ്ട്രീയ ജനാധിപത്യത്തിന്റെ ചിലഭാഗങ്ങള്‍ മാത്രമാണ് ഇവിടെ നടപ്പാക്കാന്‍ ശ്രമിച്ചത്. ആളുകള്‍ക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അതിലൂടെ നല്കപ്പെട്ടത്. എന്നാല്‍ വൈവിധ്യങ്ങളെ ഉള്‍കൊള്ളുന്നതിലും വ്യത്യസ്തതകളെ നിലനിര്‍ത്തുന്നതിലും രാജ്യത്തെ രാഷ്ട്രീയ ജനാധിപത്യം ദുര്‍ബലമായിരുന്നു. ജനങ്ങളുടെ പരസ്പര സഹകരണത്തോടെയുള്ള പങ്കാളിത്ത ജനാധിപത്യം തുടക്കത്തിലെ പുറംതള്ളപ്പെട്ടു.
നടപ്പാക്കപ്പെട്ട ഭാഗിക രാഷ്ട്രീയ ജനാധിപത്യത്തെ അട്ടിമറിച്ച് ജനസമ്മതി നിര്‍മിച്ചെടുക്കാനുള്ള പ്രചാരണങ്ങളും രീതികളും രാജ്യത്ത് നടപ്പാക്കപ്പെട്ടു. അങ്ങനെ ജനസമ്മതിയെ നിര്‍മിച്ചെടുക്കാനുള്ള (മാനുഫാക്ചറിംഗ് കണ്‍സന്‍സ്) സംവിധാനമായി ജനാധിപത്യത്തിന്റെ പ്രത്യക്ഷരൂപമായ തെരഞ്ഞെടുപ്പ് മാറി. അതിന്റെ മികച്ച ഉദാഹരണങ്ങളാണ് രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളെല്ലാം.
ആധുനിക ദേശരാഷ്ട്രത്തില്‍ അവകാശങ്ങല് നേടിയെടുക്കാനുള്ള അടിസ്ഥാന നിബന്ധനയാണ് പൗരത്വം. നടപ്പാക്കപ്പെടുന്നത് പരിമിതമാണെങ്കിലും ജനാധിപത്യം പൗരത്വമെന്ന അടിസ്ഥാനത്തിലാണ് പ്രയോഗവല്‍ക്കരിക്കപ്പെടുന്നത്. ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത് പൗരത്വത്തെയാണ്. എന്നാല്‍ ജനാധിപത്യാവകാശങ്ങളുടെ അടിസ്ഥാനമായ പൗരത്വത്തെ ജനാധിപത്യത്തെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കുന്ന പദ്ധതികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനായി ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി സംഘ്പരിവാര്‍ ഉപയോഗിക്കുകയും ചെയ്തു. ജനാധിപത്യത്തിന്റെ അടിസ്ഥാന സ്ഥാപനമായ നിയമനിര്‍മാണ സഭകളെ ഉപയോഗിച്ച് പൗരത്വ നിഷേധം നടപ്പാക്കലായിരുന്നു പൗരത്വ നിയമം (സി.എ.എ). രാജ്യത്തെ ഒരു വിഭാഗത്തിന് മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കാനുള്ള നിയമമാണ് പാസാക്കപ്പെട്ടത്. അതിലൂടെ ജനാധിപത്യ അവകാശങ്ങളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം നടപ്പാക്കുകയാണ് ചെയ്തത്. വ്യത്യസ്ത ജനവിഭാഗങ്ങളില്‍നിന്നും പ്രദേശങ്ങളില്‍നിന്നും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ പൗരത്വ നിയമം നേരിട്ട് നടപ്പാക്കുന്നത് നിര്‍ത്തിയെങ്കിലും കുറുക്കുവഴികള്‍ തേടുന്നതാണ് പിന്നീട് കണ്ടത്. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ഭരണഘടനാ സ്ഥാപനങ്ങളായ നീതിന്യായ വ്യവസ്ഥയെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പല രീതിയില്‍ പൗരത്വനിഷേധങ്ങള്ക്ക് ശ്രമങ്ങള്‍ നടന്നു. നിയമപാലനത്തിന്റെ ഉത്തരവാദിത്വമുള്ള പൊലീസിനെ ഉപയോഗപ്പെടുത്തി ബൂള്ഡോസറുകളുപയോഗിച്ച് വീടുകള്‍ തകര്‍ത്തും പൗരന്മാരെ രേഖകളിലെ ചെറിയ പിഴവുകളുടെ പേരില്‍ നാടുകടത്തിയും പൗരത്വനിഷേധം നടപ്പാക്കി. ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ഇവിടെയെല്ലാം ഉപയോഗിക്കപ്പെട്ടത് ജനാധിപത്യ സ്ഥാപനങ്ങളായിരുന്നു. അതിനുള്ള ന്യായങ്ങളായി നിരത്തിയത് കയ്യേറ്റമൊഴിപ്പിക്കലെന്ന ഉദ്യോഗസ്ഥവാദങ്ങളുമായിരുന്നു.
വോട്ട് ബന്ദിയും വോട്ട് ചോരിയും
രാജ്യത്ത് ഇന്ന് ജനാധിപത്യത്തിന്റെ ഭാഗമായി നടപ്പാക്കപ്പെടുന്ന രാഷ്ട്രീയ ജനാധിപത്യത്തിന്റെ പ്രത്യക്ഷരൂപം പൊതുതെരഞ്ഞെടുപ്പാണ്. ജനാധിപത്യത്തിന്റെ ഈ പ്രഖ്യാപിത ഉല്‍സവത്തില്‍ പങ്കെടുക്കാനുള്ള അടിസ്ഥാന യോഗ്യതയാണ് പൗരന്മാരുടെ വോട്ടവകാശം. ഈ വോട്ടവകാശം നിഷേധിച്ചുകൊണ്ടും അട്ടിമറിച്ചുകൊണ്ടുമാണ് ഇപ്പോള്‍ പൗരത്വനിഷേധത്തിന്റെ പുതിയ പതിപ്പ് സംഘ്ശക്തികള്‍ ഇറക്കുന്നത്. വോട്ട് ബന്ദിയുടെ തുടക്കം ബീഹാറിലെ പ്രത്യേക വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണ (എസ്.ഐ.ആര്, സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) ത്തിലൂടെയായിരുന്നു. നിലവിലെ വോട്ടേഴ്സ് ലിസ്റ്റില്‍നിന്ന് 20 ശതമാനത്തോളം പൗരന്മാരെയാണ് പുറത്താക്കിയത്. തുടക്കം മുതല്‍തന്നെ ഈ പ്രക്രിയയെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. പലരെയും കുടിയേറ്റക്കാരായി ചിത്രീകരിക്കാന്‍ ആസൂത്രിതമായാണ് പല നടപടികളും മുന്നോട്ടുപോയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെയും ദലിത്-ആദിവാസി കോളനികളെയും പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത്തരം പുറത്താക്കല്‍ നടപടികള്‍ ഉണ്ടായത്. മുന്‍കൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയുടമായും സഖ്യകക്ഷികളുമായും സഹകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് നടപ്പാക്കിയത്. ബീഹാറിലെ വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കളിക്കുകയാണെന്ന സംശയത്തെ ഉറപ്പാക്കുന്ന പ്രഖ്യാപനമാണ് ഉടനെ കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത്. വോട്ടേഴ്സ് ലിസ്റ്റിന്റെ തീവ്രപരിശോധന രാജ്യം മുഴുവന്‍ നടപ്പാക്കുമെന്നും അതുവഴി കുടിയേറ്റക്കാരെ പുറത്താക്കുമെന്നുമാണ് അമിത് ഷാ പ്രഖ്യാപിച്ചത്. പൗരന്മാരുടെ വോട്ടവകാശം സംരക്ഷിക്കുകയും വോട്ടവകാശം വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യേണ്ട ജനാധിപത്യസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ജനാധിപത്യാവകാശങ്ങളെ അട്ടിമറിക്കാന്‍ ആസൂത്രിതമായി ഉപയോഗപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.
അസമിലെ പൗരത്വനിഷേധം കുറച്ചുകാലമായി നടക്കുന്ന കാര്യമാണ്. രേഖകളിലെ പിഴവുകള്‍, പ്രളയത്തിലും മറ്റും രേഖകള്‍ നഷ്ടപ്പെടല്‍ പോലുള്ള കാര്യങ്ങള്‍ ഉന്നയിച്ച് പലരെയും പൗരത്വത്തില്‍നിന്നും വോട്ടേഴ്സ് ലിസ്റ്റില്‍നിന്നും പുറത്താക്കാനുള്ള ശ്രമങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അവിടെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ബി.ജെ.പി മുഖ്യമന്ത്രി പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പൗരന്മാരെ ആട്ടിയോടിച്ച് രാജ്യത്തുനിന്ന് പുറത്താക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കയ്യേറ്റക്കാരാണെന്ന് ആരോപിച്ച് കാലങ്ങളായി താമസിച്ചു കൊണ്ടിരിക്കുന്ന വീടുകള്‍ പൊളിച്ചുനീക്കുകയാണ് അസമില്‍ സര്‍ക്കാര്‍. ആയിരക്കണക്കിന് വീടുകള്‍ ഇപ്പോള്‍ തന്നെ നീക്കം ചെയ്യപ്പെട്ടു. കുടുംബങ്ങളെ പുറത്താക്കുകയും ചെയ്തു. അവരെ സംസ്ഥാനത്ത് വേറെ എവിടെയും താമസിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. നിയമപാലനത്തിന്റെയും കയ്യേറ്റമൊഴിപ്പിക്കലിന്റെയും പേരില്‍ പൗരത്വം നിഷേധിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് അസമില്‍.
വോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണത്തിന്റെ പേരിലുള്ള പരാതികളുടെ ഇടയിലാണ് വോട്ട് ചോരിയെന്ന പുതിയ പൗരത്വ അട്ടിമറി അരങ്ങേറിയത്.
രാജ്യത്തുടനീളം വോട്ടേഴ്സ് ലിസ്റ്റില്‍ വ്യാപകമായ തിരിമറികളാണ് നടന്നത്. തങ്ങള്‍ക്കാവശ്യമുള്ളത്ര കള്ളവോട്ടുകള്‍ ചേര്‍ത്തും യഥാര്‍ഥ പൗരന്മാരെ ലിസ്റ്റില്‍നിന്ന് വെട്ടിയും തിരിമറികള്‍ നടന്നു. ആളുകളുടെ പേരുകളും പിതാവിന്റെ പേരും വിലാസവുമെല്ലാം അക്കങ്ങളും അക്ഷരങ്ങളും മാത്രം ചേര്‍ത്ത് വരെ ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാനമായി മനസ്സിലാക്കുന്ന വോട്ടവകാശത്തെ എത്ര ലാഘവത്തോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ കൈകാര്യം ചെയ്യുന്നതെന്നതിന് നല്ല തെളിവായിരുന്നു ഇത്. രാജ്യത്തെ ജനാധിപത്യത്തെ ജനാധിപത്യ സ്ഥാപനങ്ങള്‍ തന്നെ ഉപയോഗിച്ച് അട്ടിമറിക്കുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. രാജ്യത്ത് സമരങ്ങള്‍ക്കൊണ്ടും പ്രതിഷേധങ്ങള്ക്കൊണ്ടും തെരുവുകളിലെ പ്രക്ഷോഭങ്ങള്ക്കൊണ്ടും ജനങ്ങളുടെ അധികാരം തിരിച്ചുപിടിക്കേണ്ട അവസ്ഥയാണിവിടെയുള്ളത്.
Read more
ജനാധിപത്യത്തിലൂടെ പൗരത്വനിഷേധം നടപ്പാക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമകാലിക സാഹചര്യത്തില്‍ എല്ലാവരുടെയും പൗരത്വത്തെ സ്ഥാപിച്ച് സ്വാതന്ത്ര്യത്തിന്റെ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കുള്ള അഹ്വാനമാണ് രാജ്യനിവാസികള്‍ക്ക് സ്വാതന്ത്ര്യദിനം നല്‍കുന്നത്.







