വെങ്കലവെട്ടമേന്തി സിന്ധുവെത്തി; ഹൃദയത്താല്‍ സ്വാഗതമരുളി രാജ്യം

ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയ സൂപ്പര്‍ താരം പി.വി. സിന്ധു നാട്ടില്‍ തിരിച്ചെത്തി. ടോക്യോയിലെ മെഡല്‍ നേട്ടത്തോടെ ഒളിമ്പിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം സിന്ധു സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സില്‍ മെഡലെന്ന അപൂര്‍വ്വതയും സിന്ധുവിന് വന്നുചേര്‍ന്നു.

ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടിലാണ് ഉച്ചയ്ക്കു ശേഷം സിന്ധു വിമാനമിറങ്ങിയത്. വിമാനത്താവള ജീവനക്കാര്‍ താരത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. മാസ്‌ക് ധരിച്ച് സന്തോഷവതിയായി സിന്ധു അവരെ അഭിവാദ്യം ചെയ്തു നടന്നുനീങ്ങി.

ഞാന്‍ എറെ സന്തോഷവതിയാണ്. എന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. ഇത് ആവേശകരവും സന്തോഷമുള്ളതുമായ ഒരു ദിവസമാണ്- സിന്ധു പറഞ്ഞു.

ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അജയ് സിംഘാനിയയും ഒഫീഷ്യല്‍സും സായിയുടെ പ്രതിനിധികളും ചേര്‍ന്നാണ് സിന്ധുവിനെ സ്വീകരിച്ചത്. സിന്ധുവിന്റെ കൊറിയന്‍ കോച്ച് പാര്‍ക്ക് തെ സാങ്ങിനും സിംഘാനിയ അഭിവാദ്യം അര്‍പ്പിച്ചു.