വനിതകളും സെമിയില്‍ തോറ്റു; ഹോക്കിയില്‍ ഇനി വെങ്കല മോഹം മാത്രം

ഒളിമ്പിക് ഹോക്കിയില്‍ പുരുഷ ടീമിനു പിന്നാലെ ഇന്ത്യന്‍ വനിതകളും സെമിയില്‍ തോറ്റു. അവസാന നാലില്‍ അര്‍ജന്റീനയാണ് ഇന്ത്യന്‍ പെണ്‍പടയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്. ടോക്യോയില്‍ ഇനി ഇന്ത്യന്‍ വനിതകള്‍ക്ക് വെങ്കല മെഡലിനായി കളത്തിലിറങ്ങാം. ഓഗസ്റ്റ് ആറിന് ബ്രിട്ടനുമായാണ് ഇന്ത്യയുടെ അടുത്ത പോരാട്ടം.

കളിയുടെ രണ്ടാം മിനിറ്റില്‍ ലീഡെടുത്താണ് ഇന്ത്യന്‍ വനിതകള്‍ തുടങ്ങിയത്. ഗുര്‍ജിത് കൗര്‍ ആ ഗോളിന് അവകാശിയായി. പിന്നീട് അര്‍ജന്റീന ഇന്ത്യന്‍ ഗോള്‍ മുഖത്ത് ആക്രമണം കടുപ്പിച്ചെങ്കിലും പ്രതിരോധം പിടിച്ചുനിന്നു. പക്ഷേ, 18-ാം മിനിറ്റില്‍ അര്‍ജന്റീന തിരിച്ചടിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ മരിയ ബാരിയോണ്‍ന്യൂവോ അവരെ ഒപ്പമെത്തിച്ചു (1-1).

മറുവശത്ത് ഇന്ത്യക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍റുകള്‍ മുതലാക്കാനായില്ല. അര്‍ജന്റീന ഇന്ത്യന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. 36-ാം മിനിറ്റില്‍ ബാരിയോണ്‍ന്യൂവോ പെനാല്‍റ്റി കോര്‍ണറിലൂടെ വീണ്ടും അര്‍ജന്റീനയ്ക്കായി ലക്ഷ്യം കണ്ടു (2-1)