യുഎസ് ഓപ്പണ്‍: ബൊപ്പണ്ണ സഖ്യം ഫൈനലില്‍, റെക്കോഡ് നേട്ടം

യു.എസ്. ഓപ്പണ്‍ പുരുഷഡബിള്‍സില്‍ ബാപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡെനും അടങ്ങിയ സഖ്യം ഫൈനലില്‍ കടന്നു. സെമിയില്‍ അഞ്ച് ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ഫ്രഞ്ച് താരങ്ങളായ നിക്കോളാസ് മഹുത്ത്-പിയറെ ഹെര്‍ബര്‍ട്ട് സഖ്യത്തെയാണ് ബൊപ്പണ്ണ സഖ്യം തോല്‍പ്പിച്ചത് (7-6,6-2).

പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് രോഹന്‍ ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ കിരീടപോരാട്ടത്തിന് ഇറങ്ങുന്നത്. 2010ലാണ് ഇതിന് മുമ്പ് ബൊപ്പണ്ണ ഫൈനലില്‍ കളിച്ചത്. പാകിസ്താന്‍ താരം ഐസം ഖുറേഷിയുമൊത്തുള്ള സഖ്യം ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ വെസ്ലി മൂഡി-ബെല്‍ജിയത്തിന്റെ ഡിക്ക് നോമാന്‍ സഖ്യത്തോട് പരാജയപ്പെടുകയായിരുന്നു.

അതോടൊപ്പം ഓപ്പണ്‍ യുഗത്തില്‍ ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡും ബൊപ്പണ്ണക്ക് സ്വന്തമായി. 43 വര്‍ഷവും ആറ് മാസവുമാണ് ഇന്ത്യന്‍ താരത്തിന്റെ പ്രായം. കാനഡയുടെ ഡാനിയേല്‍ നെസ്റ്ററുടെ റെക്കോഡാണ് ബൊപ്പണ്ണ മറികടന്നത്. 43 വര്‍ഷവും നാല് മാസവുമുള്ളപ്പോളായിരുന്നു ഡാനിയേല്‍ ഫൈനലിലെത്തിയത്.

രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് 43-കാരനായ രോഹന്‍ ലക്ഷ്യമിടുന്നത്. 2017-ല്‍ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്.