ബെഡിലെ 'ട്രിക്ക്' സെക്സ് തടയാനുള്ളതല്ല, കട്ടിലുകള്‍ക്ക് ബലക്കുറവില്ലെന്ന് തെളിയിച്ച് ഒളിമ്പിക്സ് സംഘാടകര്‍

ടോക്കിയോ ഒളിമ്പിക് വില്ലേജിലെ അത്ലറ്റുകള്‍ക്ക് നല്‍കിയ കട്ടിലുകള്‍ ബലം കുറഞ്ഞതാണെന്നും സെക്സ് തടയാന്‍ ഉദ്ദേശിച്ചുള്ളതാണെന്നുമുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഒളിമ്പിക്സ് സംഘാടകര്‍. അത്ലറ്റുകള്‍ക്ക് നല്‍കിയ കട്ടിലുകള്‍ ഉറപ്പുള്ളതാണെന്നും ലൈംഗിക ബന്ധം തടയാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.

ഒളിംപിക് വില്ലേജിലെ ബെഡ്ഡുകളുടെ ഉറപ്പ് വ്യക്തമാക്കാന്‍ ഐറിഷ് ജിംനാസ്റ്റ് റൈസ് മക്ക്ലെനാഗന്‍ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. കട്ടില്‍ കയറി നില്‍ക്കുന്ന മക്ക്ലെനാഗന്‍ തുടര്‍ച്ചയായി ഉയര്‍ന്നു ചാടുന്ന വീഡിയോയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മക്ക്ലെനാഗന്‍ സ്വയം ചിത്രീകരിച്ചാണ് വീഡിയോ. അത്ലറ്റുകള്‍ തമ്മിലെ ഇണചേരല്‍ തടയാന്‍ ഉന്നമിട്ടതാണ് ബെഡുകള്‍, വേഗത്തില്‍ ചലിച്ചാല്‍ ഒടിയും തുടങ്ങിയ വാര്‍ത്തകള്‍ വ്യാജമാണെന്നും മക്ക്ലെനാഗന്‍ വീഡിയോയില്‍ പറയുന്നു.

ഒളിംപിക് വില്ലേജിലെ ബെഡുകള്‍ എയര്‍വീവ് എന്ന കമ്പനിയാണ് നിര്‍മ്മിച്ചുനല്‍കിയത്. കാര്‍ഡ്ബോര്‍ഡ് ഫ്രയിമുകളുള്ള കട്ടിലുകള്‍ക്ക് 200 കിലോ വരെയുള്ള ഭാരം വഹിക്കാന്‍ സാധിക്കും. കട്ടിലിന്റെ ഉറപ്പ് സംബന്ധിച്ച് ഓസ്ട്രേലിയന്‍ ബാസ്‌കറ്റ്ബോള്‍ താരം ആന്‍ഡ്രു ബൗട്ട് സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജനുവരിയില്‍ തുടര്‍ച്ചയായ ഭാര, മര്‍ദ്ദ പരിശോധനകള്‍ നടത്തിയിരുന്നതായി കമ്പനി വിശദീകരിക്കുന്നു.