സച്ചിനും ആനന്ദും പ്രഗ്‌നാനന്ദയും സ്വഭാവത്തില്‍ ഒരു പോലെയാണ്!

32 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1989 ല്‍ ഇന്ത്യന്‍ കായിക ചരിത്രത്തില്‍ തന്റെ അരങ്ങേറ്റത്തിലുടെ അത്ഭുതം സൃഷ്ടിച്ച ഒരു 16 കാരന്‍ ഇന്നേ ദിവസം അത്ഭുതം സൃഷ്ടിച്ച ഒരു 16 കാരനെ ഹൃദയം തുറന്ന് അഭിനന്ദിച്ചപ്പോള്‍ കായികരംഗത്ത് ഈ ദിവസത്തിന്റെ പ്രസക്തി അത്രയേറെ മഹത്തരമാകുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അക്കാലത്തെ ഒന്നാം നമ്പര്‍ ബോളര്‍മാരായ ഇമ്രാന്‍, അക്രം, വഖാര്‍ മാരെ നേരിട്ട് വരവറിയിച്ചപ്പോള്‍ 16 കാരനായ രമേഷ് ബാബു പ്രഗ്‌നാനന്ദയ്ക്ക് ചതുരംഗക്കളത്തില്‍ എതിരാളി ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സന്‍ എന്ന പിടികൊടുക്കാത്ത മസ്തിഷ്‌കമായിരുന്നു.

എണ്ണ തേച്ച് മിനുക്കിയ മുടിയും, നെറ്റിയിലെ ഭസ്മക്കുറിയും ട്രേഡ് മാര്‍ക്കാക്കിയ പയ്യന്‍ പലപ്പോഴും നടപ്പിലും ഇരുപ്പിലും സ്വഭാവത്തിലും അനുസ്മരിപ്പിക്കുന്നത് സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിനെ തന്നെയാണെന്ന് പറഞ്ഞതാകട്ടെ ആനന്ദിന്റെ പഴയ സ്ഥിരം എതിരാളി വ്‌ളാദിമിര്‍ ക്രാനിക്കും .

സച്ചിനും ആനന്ദും പ്രഗ്‌നാനന്ദയും സ്വഭാവത്തില്‍ ഒരു പോലെയാണ്. പുറമെ അവര്‍ ശാന്തരാണ്. എന്നാല്‍ തങ്ങളുടെ കേളീമൈതാനത്ത് എതിരാളികളെ നിരന്തരമായി മുട്ടുകുത്തിക്കുമ്പോഴും മുഖത്ത് ശാന്തത സൂക്ഷിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന മുഖമാകാന്‍ അവര്‍ക്ക് പറ്റുന്നു. ഒപ്പം വികാരങ്ങളെ നിയന്ത്രിക്കാനും.10 ആം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ആയ പ്രഗ്‌നനന്ദക്ക് 12 ആം വയസില്‍ ചെറിയ വ്യത്യാസത്തില്‍ പ്രായം കുറഞ്ഞ ഗ്രാന്റ്മാസ്റ്റര്‍ പദവിയില്‍ രണ്ടാം സ്ഥാനക്കാരനയപ്പോള്‍ അതില്‍ സങ്കടമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിച്ചു കൊണ്ടായിരുന്നു ഇല്ലെന്ന ഉത്തരം പറഞ്ഞത്.

ഇന്ന് വെളുപ്പിന് നടന്ന ഓണ്‍ലൈന്‍ എയര്‍തിംഗ്‌സ് മാസ്റ്റേഴ്‌സിലാണ് റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ കാള്‍സനെ പരാജയപ്പെടുത്തുമ്പോള്‍ വ്യത്യസ്തകളേറെ.വെറും 16 വയസുകാരന്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചു നില്‍ക്കുന്ന ഒന്നാം നമ്പറുകാരനെ തോല്‍പ്പിച്ചത് കറുത്ത കരുക്കളുമായി 39 നീക്കങ്ങളിലാണെന്നത് ആ നേട്ടത്തെ ഒന്നു കൂടി ഉജ്ജ്വലമാക്കുന്നു.

ഈ പ്രായത്തില്‍ താന്‍ അമ്മക്കൊപ്പം കളിച്ചപ്പോള്‍ പ്രഗ്ഗു അവന്റെ ഇരട്ടി പ്രായമുള്ളവരെ തോല്‍പ്പിക്കുന്നു എന്ന ആനന്ദിന്റെ വാക്കുകളിലുണ്ട് പ്രഗ്ഗാനന്ദയ്ക്കുള്ള അംഗീകാരം. ഗ്രാന്റ്മാസ്റ്റര്‍ പദവിയിലെത്താന്‍ 18 വയസ്സു വരെ ആനന്ദിന് കാത്തിരിക്കേണ്ടി വന്നപ്പോള്‍ ആ പ്രായത്തിനും മുന്‍പ് കാള്‍സണെ പോലൊരാളെ മുട്ടുകുത്തിക്കുമ്പോള്‍ ആനന്ദിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോന്ന പ്രതീക്ഷ കൂടിയാണ് പ്രഗ്‌നനന്ദ.