മെഡല്‍ ഉറപ്പിച്ച് ശ്രീകാന്ത്; മെഡല്‍ ഇല്ലാതെ സിന്ധു

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ദിനം. പുരുഷ വിഭാഗത്തില്‍ കെ. ശ്രീകാന്ത് സെമിയില്‍ കടന്ന് മെഡല്‍ ഉറപ്പിച്ചപ്പോള്‍ വനിതകളിലെ സൂപ്പര്‍ താരം പി.വി. സിന്ധു പുറത്തായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്ത് ഇതാദ്യമായാണ് മെഡല്‍ നേട്ടത്തില്‍ എത്തിച്ചേരുന്നത്.

ലോക 14-ാം നമ്പറായ ശ്രീകാന്ത് നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക്ക് കാള്‍ജോവിനെ നിഷ്പ്രഭമാക്കിയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. 21-8, 21-7 എന്ന സ്‌കോറിന് ശ്രീകാന്തിന്റെ ജയം. തുടര്‍ പോയിന്റുകള്‍ വാരി ശ്രീകാന്ത് കുതിച്ചപ്പോള്‍ രണ്ടും ഗെയിമിലും കാള്‍ജോവിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല.

വനിതകളുടെ ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ ചൈനീസ് തായ്‌പേയിയുടെ തായ് സു ഇങ്ങിനോട് തോറ്റാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സിന്ധുവിന്റെ മടക്കം (21-17, 21-13). തായ് സു ഇങ്ങിന്റെ വേഗത്തോട് പിടിച്ചുനില്‍ക്കാന്‍ സിന്ധുവിന് സാധിച്ചില്ല. ഡ്രോപ്പ് ഷോട്ടുകളിലെ പിഴവും സിന്ധുവിന്റെ പരാജയത്തിന് കാരണമായിത്തീര്‍ന്നു.