പണ്ട് കാള്‍സണ്‍ നിന്നത് പോലെ പ്രാഗ് നില്‍ക്കുകയാണ്, സ്‌പോര്‍ട്‌സ് അതിമനോഹരമാകുന്ന മുഹൂര്‍ത്തങ്ങളിലൊന്ന്!

ലോകം കണ്ട ഏറ്റവും വലിയ ചെസ്സ് വിസാര്‍ഡ് ആയിരുന്നു റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഗ്യാരി കാസപ്‌റോവ്. 1984 മുതല്‍, 2005 ല്‍ വിരമിക്കുന്നത് വരെ ലോക ചെസ്സ് റാങ്കില്‍ ഒന്നാം സ്ഥാനം കയ്യില്‍ വെച്ചുകൊണ്ടിരുന്ന അതികായന്‍. ഇപ്പഴും അത് ഒരു ലോക റെക്കോര്‍ഡ് ആണ്.

ഈ ഗ്യാരി കാസപ്‌റോവിനെയാണ് 1997ല്‍, പല ശ്രമങ്ങള്‍ക്കൊടുവില്‍ IBM കമ്പനി നിര്‍മിച്ച ‘ഡീപ് ബ്ലൂ’ എന്ന സുപ്പര്‍ കമ്പ്യൂട്ടര്‍ തോല്പിക്കുന്നത്. ഗ്യാരിയെന്ന ബുദ്ധിരാക്ഷസന്റെ തലച്ചോറിനെ തോല്‍പ്പിച്ചതോടെയാണ്, നിര്‍മ്മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (AI) നെ ലോകം അംഗീകരിച്ചു തുടങ്ങുന്നത് തന്നെ.

May be an image of 2 people and chess

അങ്ങനെ മനുഷ്യബുദ്ധിയുടെ റഫറന്‍സ് സ്റ്റാന്റെഡായ തലച്ചോറുകാരന്‍ ഗ്യാരി, 2004 ല്‍ ഒരു പതിമൂന്ന് വയസുകാരന്‍ പയ്യന് മുന്‍പില്‍ തലയില്‍ കൈയും വെച്ച് പതറിയിരുന്ന് പോയിട്ടുണ്ട്. ഗ്യാരി തലയില്‍ കൈയും വെച്ചിരിക്കുമ്പോള്‍, ബാല്യത്തിന്റെ ചാപല്യങ്ങള്‍ വിട്ടുമാറാത്ത ആ പയ്യന്‍, ഓരോ മൂവിന് ശേഷവും ചുറ്റും ഓടി നടന്നു കാഴ്ചകള്‍ കാണുകയായിരുന്നു. അന്ന് അവന് മുന്‍പില്‍ ബുദ്ധിരാക്ഷസന്‍ ഗ്യാരി സമനിലയുമായി രക്ഷപെടുകയായിരുന്നു. നോര്‍വ്വേകാരനായ ആ പയ്യനാണ് 2011 മുതല്‍ ഇന്ന് വരെ തുടര്‍ച്ചയായി, ചെസ്സില്‍ ലോക ഒന്നാം റാങ്ക് കയ്യില്‍ വെച്ച് കൊണ്ടിരിക്കുന്ന മാഗ്‌നസ് കാള്‍സണ്‍.

May be an image of 2 people, chess and text

2004 ല്‍ ഗ്യാരി ഇരുന്നത് പോലെ ഒരു കാഴ്ച കഴിഞ്ഞ ദിവസം കണ്ടു. കാള്‍സന്‍ തലയില്‍ കൈയും വെച്ച് തോല്‍വി ഉറപ്പിച്ച് ‘ഇനി എന്ത് മൂവ് ചെയ്യണം’ എന്നറിയാതെ ഇരിക്കുമ്പോള്‍, ഒരു പയ്യന്‍ അയാള്‍ക്ക് മുമ്പില്‍ തലയെടുപ്പോടെ എഴുന്നേറ്റു നില്‍ക്കുന്നു. അവന്റെ മുഖത്ത് ബാല്യചാപല്യങ്ങള്‍ ഇല്ലായിരുന്നു. പകരം അവിടെ നിഴലിച്ചത് നിച്ഛയദാര്‍ഢ്യവും, ആത്മവിശ്വാസവുമായിരുന്നു.
ആര്‍ പ്രഗ്‌നാനന്ദ….

ആദ്യമായിട്ടാണ് ക്ലാസ്സിക്കല്‍ ചെസ്സില്‍ പ്രഗ്‌നാനന്ദ, കാള്‍സനെ തോല്‍പ്പിക്കുന്നത്. ചെസ്സ് ബോര്‍ഡിന്റെ ഇങ്ങേ അറ്റത്ത്, പണ്ട് കാള്‍സണ്‍ നിന്നത് പോലെ പ്രാഗ് നില്‍ക്കുകയാണ്. അപ്പുറത്ത് വീണത് ഒരു വന്‍മരമാണ്. സ്‌പോര്‍ട്‌സ് അതിമനോഹരമാകുന്നത് ഇത്തരം മുഹൂര്‍ത്തങ്ങളിലൂടെയാണ്..