ഇന്ത്യ ഹോക്കി നായകന്‍ ശ്രീജേഷിന് വീണ്ടും ആദരം ; വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം

മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനം ഇന്ത്യന്‍ ഹോക്കി ടീം നായകനും മലയാളിയുമായ പി ആര്‍ ശ്രീജേഷിന്. 2021ലെ മികച്ച കായികതാരമായി ശ്രീജേഷ് മാറുമ്പോള്‍ ഇന്ത്യക്ക് ഇത് രണ്ടാം തവണയുള്ള ആദരവാണ്. സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷിന്റെ നേട്ടം. ശ്രീജേഷ് 1,27,647 വോട്ടുകള്‍ നേടി.

2021 ലെ ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു. മിന്നും പ്രകടനമാണ് ഒളിംപിക്‌സില്‍ പുറത്തെടുത്തത്. ഈ പുരസ്‌ക്കാരം ഇത് രണ്ടാം തവണയാണ് ഇന്ത്യയെ തേടിയെത്തുന്നത്. പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്. ഈ പുരസ്‌ക്കാരം നേടുന്ന ആദ്യ പുരുഷതാരവും രണ്ടാമത്തെ ഇന്ത്യാക്കാരനുമാണ് ശ്രീജേഷ്. 2019ലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ 2020ല്‍ പുരസ്‌കാരം നേടിയിരുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നത് പുരസ്‌ക്കാരത്തിന് മാറ്റ് കൂട്ടുന്നു.

ശ്രീജേഷിന്റെ മുഖ്യ എതിരാളിയായ ആല്‍ബര്‍ട്ട് ഗിനേസ് ലോപ്പസിന് 67,428 വോട്ടുകളാണ് കിട്ടിയത്. ഇന്ത്യയ്ക്കായി 244 അന്താരാഷ്ട്ര മത്സരം കളിച്ച താരമാണ്് ശ്രീജേഷ. ഇത് ഇന്ത്യയുടെ ഹോക്കി കളിക്കുന്ന 33 രാജ്യാന്തര കളിക്കാര്‍ക്ക് മാത്രം കിട്ടിയ ആദരവല്ലെന്നും രാജ്യത്തെ ഹോക്കി അസോസിയേഷനും കളിയെ പിന്തുണയ്ക്കുന്ന എല്ലാ ഇന്ത്യാക്കാര്‍ക്കും കിട്ടിയ ആദരവാണെന്നുമായിരുന്നു മൂന്ന് തവണ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിന്റെ പ്രതികരണം.