ഒമിക്രോണ്‍ കളി ആരംഭിച്ചു; കായിക രംഗം നിലച്ചു തുടങ്ങി

ദക്ഷിണാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട് യൂറോപ്പിലെ ചില രാജ്യങ്ങളിലേക്ക വ്യാപിച്ച കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ കായിക രംഗത്തെയും ബാധിച്ചുതുടങ്ങുന്നു. ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്ന കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചു. ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യനായ ജാവലില്‍ ത്രോ താരം നീരജ് ചോപ്ര ദക്ഷിണാഫ്രിക്കയിലെ പരിശീലനം ഉപേക്ഷിച്ചു.

ഒമിക്രോണിന്റെ വ്യാപനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ മൂന്ന് മുതല്‍ പ്രിട്ടോറിയയില്‍ നടക്കേണ്ടിയിരുന്ന കോമണ്‍വെല്‍ത്ത് ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മാറ്റിവക്കുകയായിരുന്നു. 60 അംഗ ഇന്ത്യന്‍ ടീമാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, പാകിസ്ഥാന്‍, സിംഗപ്പൂര്‍, കെനിയ എന്നീ രാജ്യങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

നീരജ് ചോപ്ര ജര്‍മ്മന്‍ കോച്ചിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ നടത്താനിരുന്ന പരിശീലനം ഉപേക്ഷിച്ച വിവരം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. അമേരിക്കയെ പരിശീലന വേദിയായി തെരഞ്ഞെടുക്കാനാണ് ചോപ്രയുടെ ആലോചന. ഡിസംബര്‍ അഞ്ച് മുതല്‍ 16 വരെ ദക്ഷിണാഫ്രിക്ക ആതിഥ്യം ഒരുക്കേണ്ടിയിരുന്ന ജൂനിയര്‍ വനിതാ ഹോക്കി ലോക കപ്പും മാറ്റിവച്ചിരുന്നു.