ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ചിന് പത്താം കിരീടം, നദാലിന്റെ റെക്കോഡിനൊപ്പം

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ചൂടി നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടം ചൂടിയത്. സ്‌കോര്‍: 6-3, 7-6(7-4), 7-6(7-5).

ഈ കിരീട നേട്ടത്തോടെ ജോക്കോവിച്ച് ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. നദാലിനും ജോക്കോയ്ക്കും 22 കിരീടം വീതമായി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ പത്താം കിരീട നേട്ടം കൂടിയാണിത്.

ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ വിഭാഗത്തില്‍ ബെലാറൂസിന്റെ അരീന സബലെങ്ക കഴിഞ്ഞ ദിവസം ചാമ്പ്യനായിരുന്നു. വാശിയേറിയ ഫൈനലില്‍ കസാഖ്സ്ഥാന്റെ താരം എലേന റിബകിനയെയാണ് സബലെങ്ക തോല്‍പ്പിച്ചത്.

ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് സബലെങ്ക തിരിച്ചടിച്ചത്. സ്‌കോര്‍ 4-6, 6-3, 6-4. സബലെങ്കയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടം ആണിത്.