മാധ്യമങ്ങളെ ഒഴിവാക്കിയതിന് മുന്നറിയിപ്പുമായി സംഘാടകര്‍; ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പിന്മാറി നവോമി ഒസാക്ക

ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം നവോമി ഒസാക്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്മാറി. മത്സര ശേഷം മാധ്യമങ്ങളെ കാണാതെ കോര്‍ട്ട് വിട്ട ഒസാക്കയ്‌ക്കെതിരേ നടപടിയെടുക്കുമെന്ന് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഒസാക്ക ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്.

തന്റെ ഇടപെടലുകള്‍ മറ്റു താരങ്ങള്‍ക്ക് പ്രശ്നമാകരുതെന്നും അവരുടെ കളിയിലുള്ള ഏകാഗ്രത നഷ്ടപ്പെടാന്‍ താന്‍ കാരണമാകരുതെന്നും അതിനാലാണ് പിന്മാറ്റമെന്നും ട്വിറ്ററിലൂടെ ഒസാക്ക അറിയിച്ചു. നിലപാട് വളരെ കൃത്യമാണെന്നും ഇനിയും മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദം അനുഭവിക്കാന്‍ കഴിയില്ലെന്നും താരം ട്വീറ്റില്‍ പറഞ്ഞു.

Naomi Osaka Withdraws From French Open Amid Debate Over News Conferences - WSJ

മത്സരശേഷം മാധ്യമങ്ങളെ കാണില്ലെന്ന് ഒസാക്ക ടൂര്‍ണമെന്റിന് മുമ്പേ പ്രഖ്യാപിച്ചിരുന്നു. തോല്‍വിക്കു ശേഷമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ വീണു കിടക്കുന്നയാളെ തൊഴിക്കുന്നതിന് തുല്യമാണെന്നാണ് ഒസാക്ക  അഭിപ്രായപ്പെട്ടത്. ഒസാക്കയുടെ പിന്മാറ്റത്തെ തുടര്‍ന്ന് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് ഗില്ലെസ് മൊറെട്ടന്‍ ക്ഷമാപണം നടത്തി.

ഫ്രഞ്ച് ഓപ്പണിലെ ആദ്യറൗണ്ട് ജയത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ മടങ്ങിയ ഒസാക്കയ്ക്ക് 15000 ഡോളര്‍ പിഴ ചുമത്തിയിരുന്നു. വരുംമത്സരങ്ങളിലും ബഹിഷ്‌കരണം തുടര്‍ന്നാല്‍ പിഴയും നടപടികളും കനത്തതാകുമെന്ന് ഒസാക്കയ്ക്ക് അയച്ച കത്തില്‍ സംഘാടകര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൂര്‍ണമെന്റില്‍ നിന്ന് തന്നെ താരം പിന്മാറിയത്.