ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും തിളങ്ങി മലയാളി; വനിതകളുടെ ലോംഗ് ജമ്പില്‍ ആന്‍സി സോജന് വെള്ളി മെഡല്‍

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ വനിതകളുടെ ലോംഗ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി മെഡല്‍. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചാണ് ആന്‍സി നേട്ടം കരസ്ഥമാക്കിയത്. 6.63 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡലിന് അര്‍ഹയായത്.

ആദ്യ ശ്രമത്തില്‍ തന്നെ ആറ് മീറ്റര്‍ ദൂരം കണ്ടെത്തിയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. അഞ്ചാം ശ്രമത്തിലായിരുന്നു ആന്‍സിയുടെ നേട്ടം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെ ആയിരുന്നു. നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ ദൂരം ചാടിയ താരം അവസാന ശ്രമത്തില്‍ വെള്ളി മെഡല്‍ ദൂരമായ 6.63 മീറ്റര്‍ കുറിച്ചത്. 6.73 മീറ്റര്‍ ചാടിയ സിയോങ് ഷിഖി ചൈനയ്ക്കായി സ്വര്‍ണം നേടി.

Read more

6.48 മീറ്റര്‍ ചാടിയ ഇന്ത്യയുടെ ശൈലി സിംഗ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടിയതോടെ ഇന്ത്യയ്ക്ക് ലോംഗ് ജംപില്‍ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയത് മലയാളി താരങ്ങളാണെന്നത് ശ്രദ്ധേയമാണ്. ഞായറാഴ്ച നടന്ന പുരുഷവിഭാഗം ലോംഗ് ജമ്പില്‍ പാലക്കാട് സ്വദേശിയായ എം ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.