പാകിസ്ഥാനോട് കണക്കുതീര്‍ത്ത് ഇന്ത്യ; ജയം വാശിയേറിയ പോരാട്ടത്തിനൊടുവില്‍

ക്രിക്കറ്റ് പിച്ചില്‍ പാകിസ്ഥാനോടേറ്റ തോല്‍വിക്ക് ഹോക്കി കളത്തില്‍ കണക്കുതീര്‍ത്ത് ഇന്ത്യ. ടി20 ക്രിക്കറ്റ്  ലോക കപ്പില്‍ പാകിസ്ഥാനോട് തോല്‍വി വഴങ്ങിയ ഇന്ത്യ, ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പ്രതികാരം ചെയ്തു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് പാക് പടയെ തുരത്തി ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കി.

മൂന്ന്-നാല് സ്ഥാനങ്ങള്‍ക്കായുള്ള പ്ലേ ഓഫില്‍ നിരവധി അവസരങ്ങള്‍ കളഞ്ഞു കുളിച്ചശേഷമാണ് ഇന്ത്യ ജയത്തിലെത്തിയത്. ആക്രമണ ഹോക്കി കളിച്ച ഇന്ത്യ 11 പെനല്‍റ്റി കോര്‍ണറുകള്‍ നേടിയെങ്കിലും ഗോളാക്കാനായത് രണ്ടെണ്ണം മാത്രം.

ഒന്നാം മിനിറ്റില്‍ തന്നെ ഉപ നായകന്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ മുന്നില്‍ക്കയറിയ ഇന്ത്യക്കായി, സുമിത് (45-ാം മിനിറ്റ്), വരുണ്‍ കുമാര്‍ (53), ആകാശ്ദീപ് സിംഗ് (57) എന്നിവരും ലക്ഷ്യം കണ്ടു. അഫ്രാസ് (10), അബ്ദുള്‍ റാണ (33), അഹമ്മദ് നദീം (57) എന്നിവരാണ് പാകിസ്ഥാന്റെ മറുപടിക്കാര്‍. സെമിയില്‍ ജപ്പാനോട് തോറ്റാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായത്.