ബാറ്റിംഗിൽ ക്ലിക്കായി പ്രണയത്തിൽ ക്ലീൻ ബൗൾഡ്, കാരണങ്ങൾ കൗതുകം

ക്രിക്കറ്റര്‍മാരും നടിമാരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഓരോ കാലത്തും ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വെറും കെട്ടുകഥകള്‍ മാത്രമായിരുന്നു എന്നതാണ് സത്യം. എന്നാല്‍ ചിലത് സത്യമുള്ള വാര്‍ത്തകളായിരുന്നു.

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയെയും പ്രമുഖ തെന്നിന്ത്യന്‍ നടി റായ് ലക്ഷ്മിയെയും ചേര്‍ത്ത് ഒരു സമയത്തു ഗോസിപ്പുകള്‍ തലപൊക്കിയിരുന്നു. ഇരുവരും വിവാഹിതരായേക്കുമെന്ന തരത്തില്‍പ്പോലും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഇത് വെറും ഗോസിപ്പ് മാത്രമായി പതുക്കെ ഒതുങ്ങി പോയി.

എന്നാല്‍ പിന്നീട് താനും ധോണിയും തമ്മില്‍ വേര്‍പിരിഞ്ഞതാണെന്നു റായ് ലക്ഷ്മി തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരാധകര്‍ തന്നെ അമ്പരന്നു പോയി. നടി ദീപിക പദുക്കോണുമായി ചേര്‍ത്തും ധോണിയുടെ പേര് കേട്ടിരുന്നു. എന്നാല്‍ ഇതിന് അധികം റണ്‍ കിട്ടിയില്ല.

ഇന്ത്യന്‍ രോഹിത് ശര്‍മയും മോഡലും നടിയുമായ സോഫിയ ഹയാത്തും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകളുണ്ടായിരുന്നു. സോഫിയ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെങ്കിലും രോഹിത് ഇതു നിഷേധിക്കുകയാണ് ഉണ്ടായത്.

ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബ്രസീലിയന്‍ മോഡല്‍ ഇസബെല്‍ ലെയ്റ്റെയും തമ്മില്‍ പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. ഇസബെല്ലിനൊപ്പം അവധിക്കാലം ചെലവഴിക്കുന്ന കോഹ്‌ലിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. പക്ഷെ ഈ പ്രണയത്തിനു വളരെ കുറഞ്ഞ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ.

പ്രശസ്ത നടി തമന്ന ഭാട്ടിയയുമായും കോഹ്‌ലിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. എന്നാല്‍ ഇതിനോട് രണ്ട് പേരും പ്രതികരിച്ചില്ല. ഇന്ത്യന്‍ മുന്‍ ഹിറ്റ് ഓള്‍റൗണ്ടര്‍ യുവരാജ് സിംഗും ബോളിവുഡ് നടിയും മോഡലുമായ കിം ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യമായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരാവുമെന്നു ആരാധകരെല്ലാം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തെങ്കിലും അതു സംഭവിച്ചില്ല.