യമാഗൂച്ചിയെ തുരത്തി സിന്ധു കുതിച്ചു; ബാഡ്മിന്റൺ കോർട്ടിൽ സന്തോഷവാർത്ത

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളം ഉയർത്തി ബാഡ്മിന്റണിലെ സൂപ്പർ താരം പി.വി.സിന്ധു സെമി ഫൈനലിൽ കടന്നു. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗൂച്ചിയെ 21-13, 22-20 എന്ന സ്‌കോറിനാണ് സിന്ധു കെട്ടുകെട്ടിച്ചത്. കരിയറിൽ ഇത് പന്ത്രണ്ടാം തവണയാണ് സിന്ധു യമാഗൂച്ചിയെ പരാജയപ്പെടുത്തുന്നത്.

ആദ്യ ഗെയിമിൽ സിന്ധു പതിയെയാണ് താളത്തിലെത്തിയത്. തുടക്കത്തിൽ 6-5ന്റെ നേരിയ ലീഡ് യമാഗൂച്ചിക്ക് ലഭിച്ചു. എന്നാൽ ഉശിരൻ സ്മാഷുകളിലൂടെ തിരിച്ചുവന്ന സിന്ധു 11-7ന്റെ മേൽക്കൈ നേടിയെടുത്തു.

അനാവശ്യ പിഴവുകളിലൂടെ രണ്ട് രണ്ടു പോയിന്റുകൾ നഷ്ടപ്പെടുത്തിയെങ്കിലും നെറ്റിന് അരുകിലെ മികച്ച കളി ലീഡ് നിലനിർത്താൻ സിന്ധുവിനെ സഹായിച്ചു. പിന്നീട് 15-11 എന്നതിലേക്ക് ആധിപത്യം ഉറപ്പിച്ച സിന്ധു 23 മിനിറ്റിൽ ഗെയിം പോക്കറ്റിലാക്കി.

രണ്ടാം ഗെയിമിൽ മൂർച്ചയുള്ള സ്മാഷുകളിലൂടെയാണ് സിന്ധു തുടങ്ങിയത്. ആരംഭത്തിൽ തന്നെ 6-4 എന്ന ലീഡ് നില ഇന്ത്യൻ താരത്തിന് ലഭിച്ചു. ക്രോസ് കോർട്ട് സ്മാഷുകളുമായി കളം നിറഞ്ഞ സിന്ധു ഇടവേളയെടുക്കുമ്പോൾ 11-6ന് മുന്നിലെത്തി.

ബ്രേക്കിനുശേഷം സ്‌കോർ നില 15-11 എന്നതിലേക്ക് സിന്ധു പുതുക്കി. എന്നാൽ വീറോടെ തിരിച്ചടിച്ച യമാഗൂച്ചി സിന്ധുവിന് വെല്ലുവിൡതീർത്തു. എങ്കിലും 22-20ന് രണ്ടാം ഗെയിം വരുതിയിൽ നിർത്തിയ സിന്ധു സെമിയിലേക്ക് കുതിച്ചു.