സാവി ബാഴ്‌സയുടെ പുതിയ കോച്ച്; കരാര്‍ വിവരങ്ങള്‍ അറിയാം

ക്ലബ്ബിന്റെ സുവര്‍ണ കാലത്ത് മിഡ്ഫീല്‍ഡിലെ സുപ്രധാന കണ്ണിയായിരുന്നു ഇതിഹാസ താരം സാവിയെ സ്പാനിഷ് ടീം ബാഴ്‌സലോണ പുതിയ പരിശീലകനായി നിയമിച്ചു. പുറത്താക്കപ്പെട്ട റൊണാള്‍ഡ് കൂമാന്റെ പിന്‍ഗാമിയായാണ് സാവിയെ ചുമതലയേല്‍പ്പിക്കുന്നത്. ഖത്തര്‍ ക്ലബ്ബ് അല്‍ സാദില്‍ നിന്നാണ് സാവി ബാഴ്‌സയുടെ പരിശീലക സ്ഥാനമേല്‍ക്കുന്നത്.

2024 വരെയാണ് സാവിയും ബാഴ്‌സലോണയും തമ്മിലെ കരാര്‍. അമ്പത് കോടിയോളം രൂപ അല്‍ സാദിന് നല്‍കിയാണ് ബാഴ്‌സ സാവിയ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.വരും ദിവസങ്ങളില്‍ സാവി ക്ലബ്ബിനൊപ്പം ചേരും.

ബാഴ്‌സയുടെ യൂത്ത് ടീമില്‍ കളിച്ചു വളര്‍ന്ന സാവി പതിനേഴ് വര്‍ഷമാണ് ക്ലബ്ബിന്റെ സീനിയര്‍ കുപ്പായമണിഞ്ഞത്. നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫി അടക്കം 25 കിരീടങ്ങള്‍ ബാഴ്‌സയില്‍ സാവി നേടിയിരുന്നു. പ്രതിബദ്ധതയും പരിചയ സമ്പത്തും ഏറെയുള്ള സാവിയുടെ വരവ് ബാഴ്‌സയെ പുനരുജ്ജീവിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ലാ ലീഗ സീസണിലെ ദയനീയ പ്രകടനമാണ് കൂമാന്റെ പരിശീലക പദവി തെറിപ്പിച്ചത്. എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനോട് തോറ്റത് കൂമാനെ നീക്കാന്‍ ബാഴ്‌സ അധികൃതരെ നിര്‍ബന്ധിതരാക്കി. ലീഗില്‍ റയോ വയ്യെക്കാനോയോടേറ്റ പരാജയശേഷം കൂമാനെ പുറത്താക്കുകയായിരുന്നു.