ബ്ലാസ്റ്റേഴ്‌സ് അതിശക്തരായ ടീമൊന്നും അല്ല, എന്നാല്‍ സംഭവിച്ചത് ഛേത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്; വിമര്‍ശിച്ച് സന്ദീപ് വാര്യര്‍

ഐസിഎലിലെ കേരള ബ്ലാസ്റ്റേഴ്‌സ്-ബംഗളുരു എഫ്‌സി മത്സരത്തിലെ ഗോള്‍ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കളിയുടെ നിയമത്തിനകത്തുനിന്ന് സുനില്‍ ഛേത്രിയുടെ ഗോള്‍ ന്യായീകരിക്കപ്പെടാമെങ്കിലും കേവലം സാങ്കേതികതയ്ക്കപ്പുറം വലിയ മൂല്യങ്ങള്‍ക്കു കൂടി ഇടമുള്ള കളിയില്‍ ഇത് ന്യായീകരിക്കാനാവുന്നതല്ലെന്ന് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

ഛേത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തത്

സമകാലിക ഫുട്‌ബോളിലെ ഗോള്‍ വേട്ടക്കാരെ പരിശോധിച്ചാല്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കും മെസിക്കും തൊട്ടുപിന്നിലുള്ളയാളാണ് സുനില്‍ ഛേത്രി. ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ബഹുമാനത്തോടെ കാണുന്നയാള്‍. എന്നാല്‍, ഐസ്എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ബംഗളുരു എഫ് സി ക്കായി കളിച്ച സുനില്‍ ഛേത്രിയുടെ ഗോള്‍ നേട്ടത്തിന് സ്വീകരിച്ച രീതി ധാര്‍മികതയ്‌ക്കോ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിനോ യോജിക്കുന്നതല്ല.

കളിയുടെ നിയമത്തിനകത്തുനിന്ന് നിങ്ങളുടെ പ്രവര്‍ത്തി ന്യായീകരിക്കപ്പെടാം. എന്നാല്‍ കേവലം സാങ്കേതികതയ്ക്കപ്പുറം വലിയ മൂല്യങ്ങള്‍ക്കു കൂടി ഇടമുള്ള കളിയാണ് ഫുട്‌ബോള്‍. അവിടെ നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു, മത്സരത്തില്‍ നിങ്ങള്‍ വിജയിച്ചാലും.

റഫറിയുടെ പക്ഷപാതപരമായ ഇടപെടലുകള്‍ മത്സരത്തിലുടനീളം വ്യക്തമായിരുന്നു. ഫ്രീകിക്കുകള്‍ വളരെ വേഗം എടുത്ത് ബ്ലാസ്റ്റേഴ്‌സിനെ സമ്മര്‍ദത്തിലാക്കുക എന്നത് റഫറിയുടെ സഹായത്തോടെ ബംഗളൂരു നടപ്പിലാക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന പെരുമാറ്റങ്ങളായിരുന്നു റഫറിയുടെ ഭാഗത്തു നിന്നുണ്ടായത്.

അതിശക്തരായ ഒരു ടീം എന്നൊന്നും അവകാശപ്പെടാവുന്ന ടീമല്ല ബ്ലാസ്റ്റഴ്‌സ് . എന്നാല്‍ പരിശീലകന്‍ വുകമാനോവിച്ചിന്റെ നേതൃത്വത്തില്‍ പോരാട്ട വീര്യവും ഒത്തിണക്കവും ടൂര്‍ണമെന്റിലുടനീളം പുറത്തെടുക്കാന്‍ ടീമിനായി. കഴിഞ്ഞ ദിവസത്തെ മത്സരത്തിലും അത് പ്രകടമായിരുന്നു.

കളിക്കളത്തിലെ മാന്യതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ കളിക്കാര്‍ തയാറാകുമ്പോഴാണ് മത്സരത്തിന് മാനവികത കൈവരുന്നത്. ഛേത്രി അത് നഷ്ടപ്പെടുത്തിയിരിക്കുന്നു. വെല്‍ഡണ്‍ ബ്ലാസ്റ്റേഴ്‌സ്!