ഇന്ന് ബ്‌ളാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ഒന്നാം സ്ഥാനം മാത്രമല്ല; മറ്റൊരു വമ്പന്‍ റെക്കോഡ് കൂടി...!!

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും മികച്ച സീസണിലൂടെ കടന്നു പോകുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ്‌സി യെ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ റെക്കോഡ് കൂടി. ജംഷഡ്പൂര്‍ എഫ്സിക്കെതിരെ ഇന്ന് നടക്കുന്ന മത്സരത്തില്‍ മൂന്ന് ഗോളിന് ജയിച്ചാല്‍ ലീഗ് ടേബിളില്‍ ഒന്നാമത് വരും. 23 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. രാത്രി 7.30ന് ഗോവയിലെ ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം.

വിജയിക്കാനായാല്‍ ഐഎസ്എല്ലിന്റെ ഒരു സീസണില്‍ ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടീമെന്ന റെക്കോഡ് ബ്ലാസ്റ്റേഴ്‌സിന് സ്വന്തമാവും. 13 മത്സരങ്ങളില്‍ നിന്നായി ആറ് ജയവും അഞ്ച് സമനിലയുമാണ് ടീമിന്റെ ഈ സീസണിലെ ഇതുവരെയുളള സമ്പാദ്യം. ഇന്ന് മൂന്ന് ഗോളിന് ജയിക്കാനായാല്‍ ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. മുമ്പ് ജംഷഡ്പൂരുമായി ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു.

ഇന്ന് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടാല്‍ ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തേക്കെത്തും. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 20 മിനിറ്റോളം പത്ത് പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സ് തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട ആയുഷ് അധികാരി ഇന്ന് കളിച്ചേക്കില്ല. അതേസമയം ലീഗ് അത്യന്തം വാശിയേറിയ നിലയിലേക്കാണ് പോകുന്നത്.