കളിയിലെ ആ നിമിഷം ഞങ്ങൾക്ക് എല്ലാം നഷ്ടമായി, അതും കൂടി മനസ്സിലാക്കിയിട്ട് വേണം കുറ്റം പറയാൻ; ആത്മവിശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

ആദ്യ മിനിറ്റിൽ കാണിച്ച ആവേശം ഇടക്ക് വെച്ച് ഒന്ന് നഷ്ടമായി, അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഒന്നും വിജയിച്ചില്ല മോഹൻ ബഗാനുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോൾ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത് പ്രതിരോധത്തിലെ പിഴവുകൾ. പരിശീലകൻ ഇവാൻ തന്റെ ടീമിനെന്തോ പ്രശ്നമുണ്ട് അത് പരിഹരിക്കാൻ ശ്രമിക്കും എന്ന് പറഞ്ഞിരുന്നു, എന്നാൽ അത് പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ ബ്ലാസ്റ്റേഴ്‌സ് തോൽവി പൂർണം.

ആദ്യ 15 മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച കളി കണ്ടപ്പോൾ ഇന്ന് ഗോൾ മഴ പെയ്യുമെന്ന് ആരാധകർ വിചാരിച്ചു എങ്കിലും അത് പെയ്യിപ്പിച്ചത് കൊൽക്കത്ത ടീം ആയിരുന്നു എന്നതാണ് ഏറ്റവും വിഷമിപ്പിച്ച കാര്യം. കളിയുടെ രണ്ടാം പകുതിയിൽ ചിത്രത്തിലെ ഇല്ലാതിരുന്ന ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ഇന്നാ അടിച്ചോ ഗോൾ എന്ന രീതിയിൽ തുറന്ന് കിടക്കുക ആയിരുന്നു.

മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ തോൽവിയിൽ നിരാശയുണ്ടെങ്കിലും തന്റെ ടീം തിരിച്ചുവരുമെന്നും പിഴവുകൾ തിരുത്തുമെന്നും ഉൾപ്പടെ പോസിറ്റീവായിട്ടാണ് സംസാരിച്ചത്. വമ്പൻ ടീമുകൾക്ക് എതിരെ കളിയുടെ ഈ സ്റ്റേജിൽ തന്നെ ഒരു മത്സരം കിട്ടിയത് നന്നായി എന്നും ഇവാൻ പറഞ്ഞു.

“ഇന്നലെയും( പത്രസമ്മേളനത്തിൽ) ഞാൻ പറഞ്ഞിരുന്നു, മികച്ച ഒരു ടീമിനെതിരെ അവർ മുറിപ്പെട്ടിരിക്കുന്ന സമയത്ത് കളിക്കുന്നത് വളരെ കഠിനമായ കാര്യമാണ്. കളി ആരംഭിച്ചപ്പോൾ ഞങ്ങൾ വളരെ ശക്തരാണെന്നും ഞങ്ങൾക്ക് നന്നായി പ്രസ് ചെയ്ത് കളിക്കാനാകുമെന്നും മധ്യ നിര ഞങ്ങളുടെ നിയന്ത്രണത്തിലായിരിക്കുമെന്നെല്ലാം ഞാൻ വിചാരിച്ചു. ഞങ്ങൾ അങ്ങനെ. എന്നാൽ കളിയിൽ പിന്തുടരേണ്ട ശാന്തത ഞങ്ങൾക്ക് പെട്ടന്ന് നഷ്ടമായി. ഞങ്ങൾ ശ്രമിക്കു, അതിന്റെ ഫലമായി രണ്ടു ഗോളുകൾ നേടി. അത് വളരെ എളുപ്പത്തിൽ നല്ല സമയത്തു ലഭിച്ച ഗോളുകളാണ്.”

“അവർ ഞങ്ങളെ നിരീക്ഷിക്കുകയായിരുന്നു. ഞങ്ങൾ എങ്ങനെ കളിക്കുന്നു എങ്ങനെ പ്രതികരിക്കുന്നു എന്നെല്ലാം. പിന്നീട് ഞങ്ങൾക്കാ തെറ്റുകൾ സംഭവിച്ചു. നല്ല ഒരു അവസ്ഥയിൽ നിന്ന് ഞങ്ങൾ താഴേക്ക് പോയി. എന്നാലും രണ്ടിനെതിരെ ഒന്നെന്ന രീതിയിൽ ആദ്യ പകുതി ഞങ്ങൾ പൂർത്തിയാക്കി. ഞങ്ങളുടെ വലിയ തെറ്റുകൾക്ക് വലിയ വില കൊടുക്കേണ്ടി വന്നു. അവർ വീണ്ടും സ്കോർ ചെയ്തു.”

“ഞങ്ങൾ തിരിച്ചെത്തുവാൻ പരിശ്രമിച്ച് വീണ്ടുമൊരു ഗോൾ നേടി. തെറ്റുകൾ വരുത്തിയ എന്റെ കുട്ടികൾ, എന്നാൽ ഫുട്ബാളിൽ ഇത്തരത്തിലുള്ള തെറ്റുകൾ അനിവാര്യമാണ്. എന്നാൽ മാത്രമേ നമ്മളത് മുൻപോട്ട് പ്രതീക്ഷിക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യൂ. ഇന്ന് സംഭവിച്ചത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ പരിശ്രമിക്കും. കൃത്യമായ തീരുമാനങ്ങളാണ് കളി തീരുമാനിക്കുന്നത്.”

“ഈ തരത്തിലുള്ള ഫുട്ബോൾ കളികളിൽ നമ്മൾ സത്യസന്ധതയുള്ളവരായിരിക്കണം. ഹോം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ ഞങ്ങൾ നന്നായി കളിക്കുമെന്നും ജയിക്കാൻ പരമാവധി ശ്രമിക്കുമെന്നും എല്ലാ ആരാധകരും അറിഞ്ഞിരിക്കണം. കാരണം ഞങ്ങൾ അവർക്കായാണ് കളിക്കുന്നത്. ഇന്നത്തെ കളിയിൽ നിന്ന് ഞങ്ങൾ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഗോളുകൾ വഴങ്ങുമ്പോൾ ഭാവിയിൽ അവ കൈകാര്യം ചെയ്യാനും ഞങ്ങൾ പഠിച്ചിരിക്കണം. അതാണ് ഫുട്ബോൾ. ഞങ്ങൾ പോസിറ്റീവായിരിക്കും.”

ഹോർമിപാമുമായി ബന്ധപ്പെട്ട് ഉള്ള ചോദ്യത്തിന് പരിശീലകൻ പറയുന്നത് ഇങ്ങനെ- ” ഹോർമി മികച്ച കളിക്കാരനാണ്, ഹോർമിക്കു പിഴവുകൾ സംഭവിച്ചു. അവൻ അതിൽ നിന്നെല്ലാം പാഠം പഠിച്ച് പൂർവാധികം ശക്തിയിൽ തിരിച്ചെത്തും.  ഇത്ര വലിയ ആരാധകരുടെ കൂട്ടത്തിൽ അവൻ കളിക്കുന്നത് ആദ്യമാണ്, അതൊക്കെ സമ്മർദ്ദത്തിന് കാരണമായി. കഴിഞ്ഞ സീസണിൽ അവന്റെ മികവ് നമ്മൾ കണ്ടതാണ്, തിരിച്ചുവരും.