'മെസിക്ക് എതിരെയല്ല, അര്‍ജന്റീനയ്ക്ക് എതിരെയാണ് ഞങ്ങള്‍ കളിക്കുന്നത്'; നയം വ്യക്തമാക്കി നെതര്‍ലന്‍ഡ്‌സ് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്

ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന നെതര്‍ലന്‍ഡ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് നായകന്‍ വിര്‍ജില്‍ വാന്‍ ഡിക്. മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ് ഞങ്ങള്‍ കളിക്കുന്നതെന്നും അര്‍ജന്റീന എന്നാല്‍ മെസി മാത്രമല്ലെന്നും വാന്‍ ഡിക് പറഞ്ഞു.

എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് മെസി. അദ്ദേഹത്തിനെതിരെ കളിക്കുക എന്നത് തന്നെ അഭിമാനകരമാണ്. പക്ഷേ ഞാനും എന്റെ ടീമും കളിക്കുന്നത് മെസിക്കെതിരെയല്ല, അര്‍ജന്റീനയ്ക്കെതിരെയാണ്. ലോകോത്തര നിലവാരമുള്ള നിരവധി കളിക്കാര്‍ അവര്‍ക്കുണ്ട്- വിര്‍ജില്‍ വാന്‍ ഡിക് പറഞ്ഞു.

ലയണല്‍ മെസ്സി ലോകകപ്പില്‍ മികച്ച ഫോമിലാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച വ്യക്തികത പ്രകടനങ്ങളില്‍ ഒന്ന് നടത്തി മെസി മുന്നില്‍ നിന്ന് നയിക്കുന്ന ടീം കിരീടം സ്വപ്നം കാണുന്നുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ 3 ഗോളുകള്‍ നേടിയ മെസി ആ മികവ് ഇനിയുള്ള മത്സരങ്ങളിലും തുടരാം എന്ന പ്രതീക്ഷയിലാണ്.

ലുസൈല്‍ സ്റ്റേഡിയത്തിലാണ് അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടര്‍ മത്സരം. അമേരിക്കയെ താേല്‍പിച്ചാണ് നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറിലെത്തിയത്. ആസ്‌ട്രേലിയയെ തോല്‍പിച്ചായിരുന്നു അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.