ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാൽ അത് ആഘോഷിക്കുമെന്ന് വിൻസി ബാരെറ്റോ, അങ്ങനെ തന്നെ വേണമെന്ന് പെരേര ഡയസ്; ഇന്ന് കൊച്ചിയിൽ ആവേശം ഉറപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്- ചെന്നൈയൻ എഫ് സി പോരാട്ടം. പോയിന്റ് പട്ടികയിൽ നിലവിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജയം തുടരാനാണ് ശ്രമിക്കുന്നത്. അതെ സമയം സ്ഥിരത നിലനിർത്താൻ പാടുപെടുകയാണ് ചെന്നൈ. എന്നാലും കേരളത്തിനെതിരെ കളിക്കുമ്പോൾ ചെന്നൈക്ക് ആവേശം കൂടും. അത് സ്ഥിതീകരിക്കുന്ന രീതിയിൽ സംസാരിച്ചിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ ചെന്നൈ താരവുമായ വിൻസി ബാരെറ്റോ.

ബ്ലാസ്റ്റേഴ്സിനെതിരെ താൻ തിളങ്ങുമെന്നും ഗോളടിക്കുമെന്നും താരം പറഞ്ഞു. “ഞാൻ ബ്ലാസ്റ്റേഴ്സിനായി മുമ്പ് കളിച്ചിട്ടുള്ളതിനാൽ അവർക്ക് വേണ്ടി കളിക്കുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ചെന്നൈക്ക് വേണ്ടി നല്ല പ്രകടനം കാഴ്ചവെക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്. കഴിഞ്ഞ വർഷം, ഒരു കാരണവുമില്ലാതെ അവർ എന്നോട് ചെയ്‌തത്‌ ആലോചിക്കുമ്പോൾ അവർക്കെതിരെ ഗോൾ നേടി അതാഘോഷിക്കാനാണ് എനിക്ക് താൽപര്യം.” താരം പറഞ്ഞു.

വിൻസി ബാരെറ്റോയെ കേരളം ഒഴിവാക്കിയതിന്റെ ദേഷ്യം താരത്തിനുണ്ട് എന്നും അതാണ് ഇങ്ങനെ പറഞ്ഞതെന്നും ആരാധകർ പറയുന്നുണ്ട്. താൻ ബ്ലാസ്റ്റേഴ്സിനെതിരെ ഗോൾ നേടിയാൽ അത് ആഘോഷിക്കുമെന്ന വിൻസി ബാരെറ്റോയുടെ വെളിപ്പെടുത്തൽ ഷെയർ ചെയ്‌തതിനു മറുപടിയായി മുംബൈ സിറ്റിക്ക് വേണ്ടി കളിക്കുന്ന മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ പെരേര ഡയസ് പറഞ്ഞത് ഇങ്ങനെയാണ്. “നല്ലൊരു കാര്യം സുഹൃത്തേ” എന്നായിരുന്നു. ഡയസ് ബ്ലാസ്റ്റേഴ്‌സ് വിട്ട ശേഷം ടീമിനെതിരെ ഗോൾ അടിച്ചപ്പോൾ എല്ലാം അത് ആഘോഷിച്ചിട്ടുണ്ട്.

എന്തായാലും ഗോൾ അടിക്കാൻ വിന്സിക്ക് പറ്റില്ലെന്നും ബ്ലാസ്റ്റേഴ്‌സ് തന്നെ ജയിച്ച് കയറുമെന്നും ആരാധകർ വിശ്വസിക്കുന്നു.