തോറ്റിട്ടും തോല്‍ക്കാതെ യു.എസ്.എ , ഖത്തര്‍ ലോക കപ്പിനുള്ള യോഗ്യത നേടി

തോല്‍വിയെ വിജയമാക്കി മാറ്റാന്‍ കഴിവുള്ളവരാണ് യാങ്കിപ്പട. കോസ്റ്റ റിക്കയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റിട്ടും യുഎസ്എ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് കോസ്റ്ററിക്ക യുഎസ്എയെ വീഴ്ത്തിയത്. മറ്റൊരു മത്സരത്തില്‍ എല്‍ സാല്‍വദോറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മെക്‌സിക്കോയും കോണ്‍കകാഫ് മേഖലയില്‍നിന്ന് ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പാക്കി.

കോണ്‍കകാഫ് മേഖലയില്‍നിന്ന് 28 പോയിന്റുമായി കാനഡ നേരത്തേതന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. കോണ്‍കകാഫ് യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് കാനഡ ഖത്തറിലേക്കെത്തുന്നത്. മെക്‌സിക്കോയ്ക്കും 28 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അവര്‍ രണ്ടാം സ്ഥാനക്കാരായി. 1994 മുതല്‍ എല്ലാ ലോകകപ്പുകളിലും കളിക്കുന്ന പതിവ് തുടര്‍ന്നാണ് മെക്‌സിക്കോ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്.

കുറഞ്ഞത് ആറു ഗോളുകള്‍ക്കെങ്കിലും യുഎസ്എയെ തോല്‍പ്പിച്ചാല്‍ മാത്രം നേരിട്ടു യോഗ്യത നേടാന്‍ സാധ്യതയുണ്ടായിരുന്ന കോസ്റ്ററിക്ക, 2-0 വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കാന്‍ പ്ലേഓഫ് കളിക്കണം. പോയിന്റ് പട്ടികയില്‍ യുഎസ്എയ്ക്കും കോസ്റ്റ റിക്കയ്ക്കും 25 പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ശരാശരിയുടെ മികവിലാണ് മൂന്നാം സ്ഥാനത്തോടെ യുഎസ്എ യോഗ്യത ഉറപ്പാക്കിയത്. പ്ലേഓഫില്‍ ന്യൂസീലന്‍ഡാണ് കോസ്റ്റ റിക്കയുടെ എതിരാളികള്‍.

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയോടു വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ യുഎസ്എയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ നിരാശ മറന്നാണ് ക്രിസ്റ്റ്യന്‍ പുലിസിച്ചും സംഘവും ഖത്തര്‍ ലോകകപ്പിനെത്തുന്നത്. കഴിഞ്ഞ ദിവസം ക്യാപ്റ്റന്‍ ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഹാട്രിക് മികവില്‍ പാനമയ്‌ക്കെതിരെ നേടിയ 5-1ന്റെ കൂറ്റന്‍ വിജയമാണ് ഗോള്‍ശരാശരിയില്‍ മുന്നിലെത്താന്‍ യുഎസ്എയ്ക്ക് തുണയായത്.