ഖത്തറിലേക്ക് ടിക്കറ്റെടുത്ത് പന്ത്രണ്ട് ടീമുകള്‍; ചില വമ്പന്‍മാര്‍ക്ക് കനല്‍പ്പാത താണ്ടണം

ഖത്തര്‍ ആതിഥ്യം വഹിക്കുന്ന 2022 ലോക കപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ഇനി ഒരു വര്‍ഷം മാത്രം. വിവിധ മേഖലകളിലെ യോഗ്യതാ റൗണ്ടുകള്‍ പുരോഗമിക്കുകയാണ്. യൂറോപ്പിലും ലാറ്റിനമേരിക്കയിലുമായി ഇതുവരെ 12 ടീമുകള്‍ ലോക കപ്പ് യോഗ്യത നേടി. യൂറോപ്പിലെ ചില വമ്പന്‍മാര്‍ക്ക് ലോക കപ്പ് കളിക്കാന്‍ പ്ലേ-ഓഫ് കടമ്പ മറികടക്കേണ്ടിവരും.

ലാറ്റിനമേരിക്കയില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരും ആരാധക രുടെ ഇഷ്ടടീമുകളുമായ ബ്രസീലും അര്‍ജന്റീനയുമാണ് യോഗ്യത നേടിയവരില്‍ പ്രമുഖര്‍. നേരിട്ട് നാല് ടീമുകള്‍ക്കാണ് ലാറ്റിനമേരിക്കയില്‍ നിന്ന് ലോക കപ്പ് പ്രവേശം ലഭിക്കുക. ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ ഒരു ടീമിന് കൂടി ലോക കപ്പ് കളിക്കാന്‍ അവസരം ലഭിക്കും. 13 മത്സരങ്ങളില്‍ നിന്ന യഥാക്രമം 35ഉം 29ഉം വീതം പോയിന്റുമായാണ് ബ്രസീലും അര്‍ജന്റീനയും മുന്നേറിയത്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായി ഇക്വഡോര്‍ (23 പോയിന്റ്), കൊളംബിയ (17), പെറു (17) തുടങ്ങിയവര്‍ പോരടിക്കും. ചിലിയുടെയും ഉറുഗ്വെയുടെയും സാധ്യതകള്‍ തുലാസിലാണ്.

Read more

യൂറോപ്പില്‍ യോഗ്യത റൗണ്ട് പൂര്‍ത്തിയായപ്പോള്‍, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്‌പെയ്ന്‍, സെര്‍ബിയ, ഇംഗ്ലണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഹോളണ്ട് എന്നിവര്‍ മുന്നേറി. കരുത്തരായ ഇറ്റലിയുടെയും പോര്‍ച്ചുഗലിന്റെയും അഭാവമാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ റണ്ണറപ്പുകളുടെ പ്ലേ ഓഫ് കടമ്പ മറികടന്നാല്‍ ഇറ്റലിക്കും പോര്‍ച്ചുഗലിനും ലോക കപ്പ് ടിക്കറ്റ് സ്വന്തമാക്കാന്‍ അവസരമുണ്ട്.