ക്രിസ്റ്റ്യാനോ സിറ്റിയിലേക്ക്; പ്രതിഫലം മെസിയോളം വരില്ല

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ സീസണില്‍ തന്നെ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റ്‌സ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയേക്കും. യുവന്റസുമായുള്ള ചര്‍ച്ചകള്‍ക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് യോര്‍ഗെ മെന്‍ഡസ് ടൂറിനിലെത്തിയതാണ് താരത്തിന്റെ ക്ലബ്ബ് മാറ്റം സംബന്ധിച്ച സൂചന ബലപ്പെടുത്തിയത്.സിറ്റിയില്‍ ചേക്കേറുമെന്ന കാര്യം യുവന്റസിലെ സഹതാരങ്ങളോട് റോണോ പറഞ്ഞതായും അറിയുന്നു.

ക്രിസ്റ്റ്യാനോയുടെ ശമ്പള ഇനത്തില്‍ വന്‍തുകയാണ് യുവന്റസ് ചെലവിടുന്നത്. അതിനാല്‍ത്തന്നെ താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് കൈമാറുന്നതിലൂടെ ആഴ്ചയില്‍ 500,000 പൗണ്ട് (അഞ്ച് കോടിയിലേറെ രൂപ) യുവന്റസിന് ലാഭിക്കാനാവും. ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്റ്റ്യാനോയെ യുവന്റ്‌സ് റാഞ്ചിയത്. ആ ലക്ഷ്യം നേടാന്‍ സാധിക്കാത്തതിനു പുറമെ സീരി എ കിരീടവും യുവന്റസിന് നഷ്ടമായിരുന്നു.

സീരി എ ട്രോഫി വീണ്ടെടുക്കാന്‍ ക്രിസ്റ്റ്യാനോയുടെ സേവനം വേണ്ടെന്നാണ് യുവന്റ്‌സ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഇതിനു പുറമെ സിആര്‍7നും യുവന്റസില്‍ തൃപ്തനല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ 25 മില്യണ്‍ യൂറോ (219 കോടിയോളം രൂപ) നല്‍കാന്‍ സന്നദ്ധരായ ക്ലബ്ബിന് ക്രിസ്റ്റ്യാനോയെ കൈമാറാനാണ് യുവന്റസിന്റെ നീക്കം. ക്രിസ്റ്റ്യാനോയ്്ക്കായി മാഞ്ചസ്റ്റര്‍ സിറ്റി ഇത്രയും തുക ചെലവിടാന്‍ ഒരുക്കമാണെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ക്രിസ്റ്റ്യാനോ നീണ്ടഇടവേളയ്ക്കുശേഷം പ്രീമിയര്‍ ലീഗില്‍ പുന:പ്രവേശനം നടത്തും. 2003-09 കാലയളവില്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി കളിച്ചിരുന്നു.

അതേസമയം, അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് ലഭിക്കുന്നത്ര പ്രതിഫലം നേടാനാവാത്തത് ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് ക്ഷീണമാണ്. 340 കോടി രൂപയാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി മെസിക്ക് പ്രതിഫലമായി നല്‍കുന്നത്.