20 വയസ്സുള്ളപ്പോഴത്തെ മെസ്സിയല്ല ഇപ്പോഴുള്ളത് ; വരുന്ന ലോക കപ്പില്‍ അര്‍ജന്റീന കപ്പടിച്ചേക്കുമെന്ന് വിഖ്യാത പരിശീലകന്‍

വരുന്ന ലോകകപ്പില്‍ അര്‍ജന്റീന കപ്പടിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന്് മാഞ്ചസ്റ്റര്‍സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാഴ്‌സിലോണയുടെയും ലയണേല്‍ മെസ്സിയുടേയും മുന്‍ പരിശീലകന്‍ കൂടിയായ ഗ്വാര്‍ഡിയോള ഇക്കാര്യം വ്യക്തമാക്കിയത്. ടീമിന്റെ ഇപ്പോഴത്തെ ജൈത്രയാത്രയും മികച്ച ഒരു പിടി താരങ്ങളുമാണ് ഈ സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്.

അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണിക്ക് കീഴില്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. നിരവധി മത്സരങ്ങളായി പരാജയം അറിയാതെ മുന്നേറുന്നത് ടീമിന് കൂടുതല്‍ കരുത്തു നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സരം ഒറ്റക്ക് വിജയിപ്പിക്കാന്‍ കഴിവുള്ള, അതല്ലെങ്കില്‍ ഒരു മത്സരത്തില്‍ ഒരുപാട് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള മെസിയുടെ സാന്നിധ്യവും അവര്‍ക്കൊപ്പം ഡി മരിയ, ലൗടാരോ. അല്‍വാരസ് എന്നിവരുള്ളതും അര്‍ജന്റീനയെ ലോകകപ്പ് സാധ്യതയുള്ള ടീമാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read more

സൂപ്പര്‍താരം മെസ്സിയുടെ ഫോമിന്റെ കാര്യത്തില്‍ സംശയം ഉണ്ടെങ്കിലും എപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് വ്യക്തമായി അറിയാവുന്ന കൗശലക്കാരനായ താരമാണ് മെസ്സിയെന്ന് ഗ്വാര്‍ഡിയോള പറഞ്ഞു. ഇരുപതു വയസുള്ള മെസിയില്‍ നിന്നും താരം ഏറെ മാറിയിട്ടുണ്ട്. ഇരുപത്, ഇരുപത്തിയൊന്ന് വയസുള്ളപ്പോള്‍ ലോകം കീഴടക്കാനുള്ള കരുത്ത് താരത്തിന് ഉണ്ടായിരുന്നു. മുപ്പത്തിനാലാം വയസില്‍ അതേ ഊര്‍ജ്ജം ഉണ്ടാകണമെന്നല്ല. എന്നാല്‍ വിവേകശാലിയായി മാറിയ താരത്തിന് അതെ പ്രകടനം എപ്പോള്‍ പുറത്തെടുക്കണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുണ്ട്