പകരക്കാരനായി എത്തിയ 20 കാരന്‍ കിയാന്‍ ഹാട്രിക് നേടി ; ഈസ്റ്റ്ബംഗാളിനെ തകര്‍ത്തുവിട്ട് എടികെ

ഡേവിഡ് വില്യംസ് പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും കിയാന്‍ നസീരിയുടെ ഹാട്രിക്കില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കൊല്‍ക്കത്തയ്ക്ക് ഉജ്വല ജയം. ഇഞ്ചുറി ടൈമില്‍ നേടിയ ഇരട്ട ഗോളുകളും 56 ാം മിനിറ്റില നേടിയ ആദ്യത്തെ ഗോളുമായിരുന്നു കിയാന്റെ ബൂട്ടില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ കൊല്‍ക്കത്ത ഡര്‍ബിയില്‍ മുന്‍ ചാംപ്യന്മാരായ എടികെ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെതിരേ സമനിലയുമായി രക്ഷപ്പെടും എന്ന് തോന്നിയിടത്താണ് ഇഞ്ചുറി സമയത്തെ ഇരട്ടഗോളുകള്‍ വന്നത്. ഡാരന്‍ സിഡോയല്‍ 56 ാം മിനിറ്റില്‍ നേടിയ ഗോളിന് ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തിയതിന് തൊട്ടു പിന്നാലെയാണ് 20 കാരന്‍ കിയാന്‍ നസീരി തന്റെ ഗോളടി മികവ് പുറത്തെടുത്ത് ഹാട്രിക്കിലേക്കുള്ള ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയതായിരുന്നു കിയാന്‍. തൊട്ടുപിന്നാലെ കളിയില്‍ മുന്നിലെത്താനുള്ള ഒരു മികച്ച അവസരം ഡേവിഡ് വില്യംസ് നഷ്ടമാക്കുകയും ചെയ്തു. ലിസ്റ്റന്‍ കൊളാക്കോയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഡേവിഡ് വില്യംസ് പോസ്റ്റിന് മുകളിലൂടെ അടിച്ചു കളഞ്ഞു. പിന്നാലെ നടത്തിയ തുടരന്‍ നീക്കങ്ങള്‍ക്ക് ഒടുവിലാണ് കിയാന്റെ തകര്‍പ്പാന്‍ ഷോട്ടുകള്‍ പല തവണ ഈസ്റ്റ ബംഗാളിന്റെ പ്രതിരോധം തുളച്ചത്.

Read more

കൊല്‍ക്കത്ത ഡര്‍ബിയിലെ ആദ്യ ഹാട്രിക്കായിരുന്നു കിയാന്‍ നേടിയത്. ഈ സീസണിലെ നാലാം ഹാട്രിക്കുമായിരുന്നു. ലിസ്റ്റന്‍ കൊളാക്കോയും മന്‍വീര്‍ സിംഗും നടത്തിയ നീക്കങ്ങളായിരുന്നു കൊല്‍ക്കത്തയുടെ ആക്രമണത്തിന്റെ കുന്തമുനയായി മാറിയത്. ഈ ജയത്തോടെ എടികെ 19 പോയിന്റുമായി നാലാമതായി.