കപ്പ് കിട്ടിയില്ല, പകരമൊരു പൂച്ചയെ കിട്ടി; ഇംഗ്ലണ്ട് ടീമിന്റെ മടക്കം ഡേവിനെയും കൂട്ടി

ഖത്തര്‍ ലോകകപ്പിലേക്ക് ഏറെ പ്രതീക്ഷയോടെ എത്തിയ ടീമായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ കരുത്തരുടെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടായിരുന്നു ഇംഗ്ലണ്ടിന്റെ പുറത്താകല്‍. നാട്ടിലേക്കുള്ള മടക്കം കപ്പുമായല്ലെങ്കിലും ഇംഗ്ലണ്ട് ടീമിന് ഖത്തറില്‍നിന്ന് പകരമൊരു പൂച്ചയെ കിട്ടി, ഡേവ്.

മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ ഒന്നിച്ച് കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളായ കൈല്‍ വാക്കറും ജോണ്‍ സ്റ്റോണ്‍സുമാണ് ഖത്തറില്‍ നിന്ന് ഡേവിനെ ദത്തെടുത്ത് ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുന്നത്. ലോകകപ്പിനായി ഇംഗ്ലീഷ് താരങ്ങള്‍ താമസിച്ച ഹോട്ടലിലുള്ളതായിരുന്നു ഈ പൂച്ച. തങ്ങള്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിക്ക് പുറത്ത് ഡേവ് എന്നും ഭക്ഷണത്തിനായി കാത്തുനില്‍ക്കാറുണ്ടായിരുന്നുവെന്ന് സ്റ്റോണ്‍സ് പറയുന്നു.

ഒരു ദിവസം നോക്കുമ്പോള്‍ അവന്‍ അവിടെയുണ്ടായിരുന്നു. അതിനാല്‍ തന്നെ ഞാനും സ്റ്റോണ്‍സിയും അവനെ ദത്തെടുക്കാന്‍ തീരുമാനിച്ചു. ഡേവിനെ ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന മേശയ്ക്ക് സമീപം കൊണ്ടുവരാറുണ്ടായിരുന്നു. ചിലര്‍ക്ക് പൂച്ചയെ ഇഷ്ടമല്ല, എന്നാല്‍ എനിക്ക് അവനെ ഇഷ്ടമാണ്- വാക്കര്‍ പറഞ്ഞു.

ഇംഗ്ലണ്ടിലെത്തുന്ന ഡേവിന് ഉടനടി കൈല്‍ വാക്കറുടെയും ജോണ്‍ സ്റ്റോണ്‍സിന്റെയും കൂടെപോകാന്‍ സാധിക്കില്ല. നാലു മാസത്തെ ക്വാറന്റീനിന് ശേഷം മാത്രമേ പൂച്ചയ്ക്ക് ഇവര്‍ക്കൊപ്പം പോകാന്‍ സാധിക്കൂ.