ജിങ്കനില്ലാത്ത പ്രതിരോധം, ബ്ലാസ്റ്റേഴ്‌സിന് അടിതെറ്റുമോ?

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും സമനിലകളില്‍ നിന്നും കരകയറി തുടങ്ങിയിട്ടേയുള്ളു ബ്ലാസ്‌റ്റേഴ്‌സ്. പൂനെയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം ആഘോഷിക്കുമ്പോഴും ആരാധകരെയും ടീമിനേയും ആശങ്കയിലാഴ്ത്തുന്ന ഒരു കാര്യമുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരായ 8-ാം തീയതി നടക്കാന്‍പോകുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഉരുക്ക് കോട്ടയായ സന്ദേശ് ജിങ്കന്‍ ബൂട്ട്‌കെട്ടില്ല എന്നത്.ലീഗ് ഘട്ടങ്ങളില്‍ 4 മഞ്ഞ കാര്‍ഡ് നേടിയതിനാലാണ് ജിങ്കന് ഒരു മത്സരം വിലക്ക് നേരിടേണ്ടി വരിക.

നായകന്റെ അഭാവം ടീമിന്റെ പ്രതിരോധത്തെ ബാധിക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല.എന്നാല്‍ എങ്ങനെ ഈ പോരായ്മ ഡേവിഡ് ജെയിംസ് മറികടക്കും എന്നതാവും നിര്‍ണായകമാവുക.പെസിക് മടങ്ങി എത്തിയത് ബ്ലാസ്റ്റേഴ്സിന്് ഒരു വലിയ ആശ്വാസം ആണ്.സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ് ആയി വെസ് ബ്രൗണും ലാകിച് പെസിചും ഇറങ്ങും എന്നത് അപ്പോള്‍ ഉറപ്പ്.ലെഫ്‌റ് ബാക് ആയി ലാല്‍റുവതാര മിന്നുന്ന ഫോമില്‍ ആണ് കളിക്കുന്നത്.എന്നാല്‍ റൈറ്റ് ബാക് ആയ റിനോ ആന്റോയുടെ പരിക്ക് ടീമിനെ വലയ്ക്കുന്നുണ്ട്.

റിനോ മടങ്ങി വരാത്ത പക്ഷം 4-ാം ഡിഫെന്‍ഡര്‍ ആര് എന്നതാണ് ചോദ്യം. ജിങ്കന്റെ അസാന്നിധ്യം ബര്‍ബറ്റോവിലൂടെയും പുള്‍ഗയിലൂടെയും പരിഹരിക്കാമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ. ഇനിയുള്ള ഓരോ കളിയും ബ്ലാസ്‌റ്റേഴ്‌സിന് നിര്‍ണായകമാണ്.ഒരു ചെറിയ പാളിച്ചപോലും ടീമിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് തിരിച്ചടിയാകും.