സച്ചിൻ സുരേഷാണ് ബ്ലാസ്റ്റേഴ്സിന്റെ ആത്മവിശ്വാസം, പെപ്ര ഉടൻ തന്നെ ഗോളടി ആരംഭിക്കുമെന്ന് ഇവാൻ; പരിശീലകൻ പറയുന്നത് ഇങ്ങനെ

ഇന്ന് ചെന്നൈ- കേരള ബ്ലാസ്റ്റേഴ്‌സ് പോരാട്ടം. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും ആവേശകരമായ ഡെർബി പോരാട്ടമാണ് ഇതും. അതിനാൽ തന്നെ ആരാധകർ ആവേശത്തിലാണ്. നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് എത്തും. അത് ഇന്നും സംഭവിക്കുമെന്ന് ആരാധകർ കരുതുന്നു.

ഹോം ഗ്രൗണ്ടിൽ ഈ സീസണിൽ ഒരു മത്സരം പോലും ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടില്ല. അലറിവിളിക്കുന്ന കാണികളുടെ മുന്നിൽ എല്ലാ പോയിന്റുകളും വാരി കൂട്ടുക എന്നാണ് ബ്ലാസ്റ്റേഴ്‌സ് ലക്‌ഷ്യം. ഒന്നാം സ്ഥാനത്ത് തന്നെ പോരാട്ടം അവസാനിപ്പിക്കാനാണ് തന്റെ ലക്ഷ്യമെന്ന് ഇവാൻ കഴിഞ്ഞ മത്സരത്തിൽ തന്നെ പറഞ്ഞിരുന്നു.

ചെന്നൈ നിലവിൽ അത്ര നല്ല ഫോമിൽ അല്ലെങ്കിലും അവരെ നിസാരക്കാരായി കാണാൻ പറ്റില്ലെന്നും അവർ കഠിന ടീം ആണെന്നും ഇവാൻ പറയുന്നു. “ചെന്നൈയിൻ എഫ്‌സിക്കെതിരായ ഞങ്ങളുടെ കളികൾ ബയോ ബബിളിലെ ആദ്യ വർഷം മുതൽ എപ്പോഴും കഠിനമായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള പോരാട്ടങ്ങൾ എല്ലായ്പ്പോഴും കഠിനവും രസകരവുമായ മത്സരങ്ങളായിരുന്നു. നാളെയും വളരെ കഠിനവും ശാരീരികവുമായ ഗെയിമാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിന് എതിരെയുള്ള മത്സരത്തിൽ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം സ്വന്തമാക്കിയത്. ആ മത്സരം കഠിനമായിരുന്നു. പ്രതിരോധവും സച്ചിൻ സുരേഷുമാണ് ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ച് കയറിയത്. സച്ചിനെ ഈ സീസൺ തുടങ്ങുന്നതിന് മുമ്പ് കുറ്റപെടുത്തിയവർ ഇപ്പോൾ പുകഴ്ത്തുകയാണ്. ഇവാൻ പറഞ്ഞത് ഇങ്ങനെയാണ് – “ഞങ്ങളുടെ ഗോൾകീപ്പർമാർ അത്ഭുതങ്ങൾ കാണിക്കണമെന്ന് ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പകരം, അവർ ശ്രദ്ധയോടെ അവിടെയായിരിക്കാനും റിയലിസ്റ്റിക് കാര്യങ്ങൾ ചെയ്യാനും ഞങ്ങൾ ആഗ്രഹിച്ചു, പന്ത് വരുമ്പോൾ അവർ അറിഞ്ഞിരിക്കണം, തുടർന്നത് സംരക്ഷിക്കാൻ അവിടെയുണ്ടാകണം. സച്ചിന്റെ പ്രകടനത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. അദ്ദേഹത്തിന്റെ പ്രകടനം ടീമിന് ആത്മവിശ്വാസം നൽകുന്നു.” ഇവാൻ പറഞ്ഞു.

അതേസമയം ക്വാമെ പെപ്ര ഗോളടിക്കാത്തത്‌ ബ്ലാസ്റ്റേഴ്സിന് തലവേദന ഉണ്ടാക്കുന്നുണ്ട്. എന്നാൽ അതൊന്നും ഒരു പ്രശ്നം അല്ലെന്നും താരം ഗോളടിക്കുമെന്നും ഇവാൻ പറയുന്നു.