മെസി ഒരു നൂറ് വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു: റൊണാള്‍ഡോ

ലയണല്‍ മെസിയുടെ ജന്മദിനത്തില്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ സ്പാനിഷ് മാധ്യമമായ മാര്‍സയ്ക്ക് നല്‍കിയ അഭിമുഖം വൈറലാകുന്നു. മെസി ഒരു നൂറു വര്‍ഷം കൂടി ജീവിച്ചിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായാണ് ഒരുകാലത്ത് ഫുട്‌ബോള്‍ ലോകം അടക്കിവാണ റൊണാള്‍ഡോ പറയുന്നത്.

‘മെസിയ്ക്ക് ജന്മദിനാശംസകള്‍, മെസി ഒരു നൂറു വര്‍ഷക്കാലം കൂടി ജീവിച്ചിരിക്കണമെന്നാണ് എന്റെ ആഗ്രഹം. ജീവിതകാലം മുഴുവന്‍ ഫുട്‌ബോള്‍ കളിച്ചിരിക്കാനാണ് എനിക്ക് മെസ്സിയോട് പറയാനുള്ളത്. കാരണം മെസിയുടെ കളി കാണാന്‍ ഈ ലോകം ഇഷ്ടപ്പെടുന്നു’ റൊണാള്‍ഡോ പറയുന്നു.

മെസി രാജ്യത്തിന് വേണ്ടി കളിക്കുന്നില്ല എന്ന ആരോപണത്തിനും റൊണാള്‍ഡോ ഈ അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. ‘അര്‍ജന്റീനയ്ക്കായി കളിക്കുന്ന മെസിയേയും ബാഴ്‌സയ്ക്കായി കളിക്കുന്ന മെസിയേയും താരതമ്യം ചെയ്യുന്നത് തികച്ചു അനാവശ്യ കാര്യമാണ്. മെസിക്ക് ബാഴ്‌സയില്‍ തന്റെ സഹതാരങ്ങളോടൊപ്പം പരിശീലനത്തിലേര്‍പ്പെടാന്‍ ദിവസേന സമയമുണ്ട്. അത്‌കൊണ്ട് തന്നെ ബാഴ്‌സയില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കുന്നുണ്ട് ‘ റൊണാള്‍ഡോ പറഞ്ഞു.

രാജ്യത്തിനായി മെസിയ്ക്ക് കിരീടങ്ങളെല്ലാം നേടാനാകുമെന്ന് പറയുന്ന റൊണാള്‍ഡോ ഇക്കാര്യത്തില്‍ താന്‍ ശുഭപ്രതീക്ഷയിലാണെന്നും കൂട്ടിച്ചേര്‍ത്തു.