വല്യേട്ടനെ തൊട്ടു കളിച്ചു; മ്യൂലന്‍സ്റ്റീനെ പുകച്ച് ചാടിച്ചതോ?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ രാജിക്കു വഴിവെച്ചത് താരങ്ങളോടുള്ള സമീപനമെന്ന് സൂചന. കളിക്കിടയിലും ഡ്രസിങ് റൂമിലും ടീമിലെ താരങ്ങളുമായി റെനെ മികച്ച ബന്ധം സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ പരിശീലകരെ അപേക്ഷിച്ച് പരിചയ സമ്പത്തില്‍ “മൂല്യം” കൂടുതലുള്ള റെനെ കളിക്കാരുമായി നല്ല ബന്ധമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. ടീമിന്റെ രണ്ട് മത്സരങ്ങള്‍ക്കു ശേഷം തന്നെ മാനേജ്‌മെന്റിന് പരിശീലകനെ കുറിച്ച് താരങ്ങളില്‍ നിന്നും പരാതി ലഭിച്ചതായും സൂചനകളുണ്ടായിരുന്നു. അതേസമയം, ബെംഗളൂരുവുമായുള്ള മത്സരത്തിന് ശേഷം ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനുമായി കോര്‍ത്തതാണ് അവസാന തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. നിര്‍ണായക മത്സരത്തില്‍ സ്വന്തം പോസ്റ്റിന്റെ ബോക്‌സില്‍ വെച്ച് ജിങ്കാന്‍ പന്ത് കൈകൊണ്ട് തൊട്ടത് ബ്ലാസ്റ്റേഴിസിനെതിരേ പെനാല്‍റ്റിയിലാണ് കലാശിച്ചത്. ഈ കാരണം പറഞ്ഞ് ജിങ്കനും റെനെയും വാഗ്വാദം നടത്തുകയും തുടര്‍ന്ന് മാനേജ്‌മെന്റി വിഷയത്തില്‍ അവസാന തീരുമാനമെടുക്കുകയുമായിരുന്നു.

പെനാല്‍റ്റി ക്ഷണിച്ചുവരുത്തിയ ജിങ്കാനെതിരേ റെനെ ക്ഷുഭിതനായെന്നാണ് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, മത്സരശേഷം കളിക്കാരുടെ പിഴവാണ് തോല്‍വിയില്‍ കലാശിച്ചതെന്ന രീതിയിലുള്ള പരാമര്‍ശവും റെനെ മാധ്യമങ്ങളോട് നടത്തിയിരുന്നു. ഇതും കളിക്കാരെ ചൊടിപ്പിച്ചു. അതേസമയം, കളിക്കാരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നെഗറ്റീവാണെന്ന് മനസിലാക്കിയ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് ഡേവിഡ് ജെയിംസുമായി നേരത്തെ കരാറിലെത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.