വീട്ടില്‍ കള്ളന്‍ കയറി; ലോക കപ്പ് വിട്ട് സൂപ്പര്‍ താരം നാട്ടിലേക്ക് പറന്നു

പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ട് നിരയില്‍ റഹിം സ്റ്റെര്‍ലിംഗ് കളിച്ചിരുന്നില്ല. താരത്തിന്റെ അഭാവം ആരാധകരെയും സംശയത്തിലാക്കി. ഇപ്പോഴിതാ താരം കളിക്കാത്തതിന്റെ കാരണം പുറത്തുവന്നിരിക്കുകയാണ്. വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്റ്റെര്‍ലിങ് നാട്ടിലേക്ക് മടങ്ങിയതെന്ന് പരിശീലകന്‍ ഗാരെത്ത് സൗത്ത്ഗേറ്റ് വെളിപ്പെടുത്തി.

ആയുധധാരികളായ കവര്‍ച്ചാ സംഘം വീട്ടിലേക്ക് അതിക്രമിച്ച കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയത്ത് താരത്തിന്റെ കുടുംബവും അവിടെയുണ്ടായിരുന്നുവെന്നുമാണ് വിവരം. ഇതിന് പിന്നാലെയാണ് സ്റ്റെര്‍ലിംഗ് അടിയന്തരമായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്.

സ്റ്റെര്‍ലിംഗിന്റെ സാന്നിധ്യം ഇപ്പോള്‍ കുടുംബത്തിന് അനിവാര്യമാണ്. അവന് വേണ്ട സമയം ഇപ്പോള്‍ അനുവദിക്കുക എന്നതാണ് ടീം എന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാനുള്ളത്. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവന്റെ സാന്നിധ്യം കുടുംബത്തില്‍ ആവശ്യമുണ്ട്. ചിലപ്പോഴെല്ലാം ഫുട്ബോളിനേക്കാള്‍ പ്രധാനമാണ് കടുംബം- സൗത്ത്ഗേറ്റ് പറഞ്ഞു.

ഫ്രാന്‍സിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുന്‍പ് താരം ഇംഗ്ലണ്ടിനൊപ്പം ചേരുമെന്നും അതിന് സാധിച്ചില്ലെങ്കില്‍ ഇംഗ്ലണ്ട് സെമിയിലേക്ക് കടക്കുകയാണെങ്കില്‍ സ്റ്റെര്‍ലിംഗ് കളിക്കുമെന്നും സൗത്ത്ഗേറ്റ് കൂട്ടിച്ചേര്‍ത്തു.