സൂപ്പര്‍ താരത്തിന് പരിക്ക്, മാഞ്ചസ്റ്റര്‍ സിറ്റിക്ക് എതിരെ രണ്ടാം പാദ സെമിയിൽ കളിച്ചേക്കില്ല

പി.എസ്.ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെക്ക് പരിക്ക്. താരത്തിന്റെ വലത് കാലിനാണ് പരിക്കേറ്റത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടക്കുന്ന രണ്ടാം പാദ സെമി ഫൈനലില്‍ താരം കളിക്കുന്ന കാര്യം സംശയത്തിലായി.

സ്വന്തം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദത്തില്‍ 2-1ന് തോറ്റ പി.എസ്.ജിക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം പാദം വളരെ നിര്‍ണായകമാണ്. ഒന്നാം പകുതിയില്‍ 1-0 മുന്നിട്ട് നിന്നതിന് ശേഷമാണ് രണ്ടാം പകുതിയില്‍ 2 ഗോള്‍ വഴങ്ങി പി.എസ്.ജി പരാജയപ്പെട്ടത്.

താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പി.എസ്.ജി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലീഡ് ഒന്നില്‍ ഇന്ന് നടക്കുന്ന ലെന്‍സിനെതിരായ മത്സരത്തില്‍ താരം കളിക്കില്ലെന്ന് പി.എസ്.ജി അറിയിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ ഇക്കുറി കളിച്ച 10 മത്സരങ്ങളില്‍ 8 ഗോളുകളും 3 അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നില്ല.