ആ റഫറി പറയുന്നു, ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഇത്തവണ പിഴച്ചു

സെലിബ്രിറ്റികളായാലും സാധാരക്കാരായാലും മലയാളികളുടെ വികാരത്തില്‍ കയറിത്തൊടുന്നവരെ മലയാളികള്‍ വെറുതെ വിടാറില്ല. സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ ആളുകളുടെ പേജിലോ പോസ്റ്റിലോ കേറി പൊങ്കാലയിടല്‍ ആണിപ്പോള്‍ മലയാളികളുടെ പ്രധാന പരിപാടി. ഷറപ്പോവ വരെ ഇതിന്റെ ഫലം അനുഭവിച്ചവരാണ്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഒരു പൊങ്കാലയിടല്‍ ഉന്നം മാറിയാണു കൊണ്ടിരിക്കുന്നത്. ചെന്നൈക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ വഴങ്ങാന്‍ കാരണമായ പെനാല്‍ട്ടി വിധിച്ച റഫറി പ്രഞ്ചാല്‍ ബാനര്‍ജിയുടെ പേജില്‍ പോയി തെറിയഭിഷേകം നടത്തിയ ആരാധകരാണ് “പ്ലിംഗ്” ആയിരിക്കുന്നത്. അന്നു ആദ്യ ഗോള്‍ വഴങ്ങിയ ശേഷം വിനീതിന്റെ ഗോളില്‍ കേരളം സമനില നേടുകയായിരുന്നു.

തനിക്ക് എഫ്ബി പേജേ ഇല്ലെന്നാണ് പ്രഞ്ചാല്‍ മുഖര്‍ജി പറയുന്നത്. എഫ്ബിയെന്നല്ല, ഒരു സാമൂഹ്യ മാധ്യമങ്ങളും ഉപയോഗിക്കാത്ത ആളാണു താനെന്നും അന്നു ആരാധകര്‍ തെറി വിളിച്ചത് മറ്റാരോ ഉണ്ടാക്കിയ പേജിലാണെന്നും പ്രഞ്ചാല്‍ പറയുന്നു. ഐ ലീഗ് മത്സരം നിയന്ത്രിക്കാന്‍ കോഴിക്കോടെത്തിയപ്പോഴാണ് പ്രഞ്ചല്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ വര്‍ഷം രാജ്യത്തെ മികച്ച റഫറിയായി തെരഞ്ഞെടുത്തത് പ്രഞ്ചാലായിരുന്നു. കോഴിക്കോട് മത്സരത്തിനെത്തിയ റഫറിയെ തിരിച്ചറിഞ്ഞ ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് എന്ന് അലറി വിളിക്കുകയും ചെയ്തു. കേരളത്തിന് അത്ര ഇഷ്ടമല്ലെങ്കിലും കേരളം വളരെ ഇഷ്ടമാണെന്നും പ്രഞ്ചല്‍ പറഞ്ഞു.