'നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ സീസണേക്കാള്‍ കരുത്തര്‍, കരുതിയിറങ്ങണം'; ബ്ലാസ്‌റ്റേഴ്‌സ് സഹ പരിശീലകന്‍ ഫ്രാങ്ക് ഡോവന്‍

കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നും നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) മാച്ച് വീക്ക് 4-ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. മത്സരത്തിനു മുന്നോടിയായി നടന്ന പത്ര സമ്മേളനത്തില്‍ മൂന്ന് പോയിന്റ് നേടാനുള്ള തന്റെ ലക്ഷ്യത്തെക്കുറിച്ച് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവന്‍ സംസാരിച്ചു.

ഞങ്ങളുടെ പിന്നില്‍ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം ഇതൊരു പുതിയ മത്സരമാണ്. ആദ്യ രണ്ട് മത്സരങ്ങളിലും അവരുടെ പിന്തുണ അദ്ഭുതകരമായിരുന്നു. ഞങ്ങളുടെ ആരാധകര്‍ക്കായി ഞങ്ങള്‍ക്ക് മൂന്ന് പോയിന്റുകള്‍ നേടേണ്ടതുണ്ട്.

ഞാന്‍ നോര്‍ത്ത് ഈസ്റ്റിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ കണ്ടു, അവര്‍ നന്നായി കളിച്ചു. മികച്ച വിങ്ങര്‍മാരും ഓരോ നിരയിലും മികച്ച വിദേശ താരങ്ങളുമുണ്ട്. അവര്‍ക്ക് നല്ലൊരു സ്ട്രൈക്കറുണ്ട് (നെസ്റ്റര്‍ ആല്‍ബിയച്ച്). അവരുടെ മധ്യനിര താരങ്ങളും മോശമല്ല.

മുംബൈയ്ക്കെതിരെ മികച്ച വിംഗര്‍മാരുമായി ആക്രമണങ്ങള്‍ നടത്തി അവരത് കാണിച്ചു. പാര്‍ത്ഥിബ് ഗൊഗോയ് നന്നായി കളിച്ചു. ഇതുകൊണ്ടെല്ലാം ടീം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ക്കത് അറിയാം, അതിനായി ഞങ്ങള്‍ തയ്യാറായിരിക്കണം- ഡോവന്‍ പറഞ്ഞു.