നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കോച്ച്‌ ജാവോ ഡി ഡിയസിനെ പുറത്താക്കി

ഫുട്‌ബോളിൽ ബ്ലാസ്റ്റേഴ്സിന് പിന്നാലെ കോച്ചുമാർ പുറത്തേക്ക്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ കോച്ച്‌ ജാവോ ഡി ഡിയസിനെ പുറത്താക്കി. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മുളന്‍സ്റ്റീന്‍ പുറത്ത് പോയതിനു തൊട്ടു പിന്നാലെയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തങ്ങളുടെ കോച്ച്‌ ജാവോ ഡി ഡിയസിനെ പുറത്താക്കിയത്.

7 മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് നോര്‍ത്ത് ഈസ്റ്റിനു ഇതുവരെ നേടാനായത്. 5 മത്സരം നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലാവസാനിക്കുകയായിരുന്നു. 7 മത്സരങ്ങളില്‍ നിന്ന് വെറും 2 ഗോള്‍ മാത്രം നേടിയതും ഡിയസിന്റെ പുറത്താക്കല്‍ വേഗത്തിലാക്കി.

മികച്ച ആക്രമണ ഫുട്ബോള്‍ വാഗ്ദാനം ചെയ്ത് നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിക്കാന്‍ ഇറങ്ങിയ ഡയസിന് വിജയം നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് തൊട്ടുമുകളില്‍ ഒന്‍പതാം സ്ഥാനത്ത് ആയതോടെയാണ് നോര്‍ത്ത് ഈസ്റ്റ് കോച്ചിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. കോച്ചിനോപ്പം സഹ പരിശീലകനായിരുന്ന ജോ പിനോയെയും ക്ലബ് പുറത്താക്കിയിട്ടുണ്ട്.